ഛത്തീസ്ഗഡ്: വെള്ളടാങ്കിൽ വീണ വിലകൂടിയെ മൊബൈൽ ഫോണ്‍ തിരിച്ചെടുക്കാനായി 21 ലക്ഷം ലിറ്റർ വെള്ളം ഒഴുക്കിക്കളഞ്ഞ സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഛത്തീസ്ഗഡ്ഡിലെ കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഉദ്യോഗസ്ഥനായ രാജേഷ് വിശ്വാസിനെയാണ് സസ്പെൻഡ് ചെയ്തത്. രാജേഷിന്‍റെ ഒരു ലക്ഷത്തോളം വിലയുള്ള മൊബൈൽ ഫോണ്‍ ജലസംഭരണിയിൽ വീണിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥൻ വാട്ടർ ടാങ്കിലെ വെള്ളം വറ്റിച്ചത്. ഉപയോഗശൂന്യമെന്ന് കാണിച്ച് വെള്ളം വറ്റിക്കാൻ പ്രാദേശിക ഡിവിഷനൽ ഓഫിസറിൽ നിന്നും വാക്കാൽ അനുമതി വാങ്ങിയതിന് ശേഷമായിരുന്നു ഉദ്യോഗസ്ഥന്‍റെ നടപടി.
അവധിക്കാലം ആഘോഷിക്കാൻ രാജേഷ് വിശ്വാസ് ഖേർകട്ട അണക്കെട്ട് പരിസരത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ഇതിനിടെയാണ് ഒരു ലക്ഷം രൂപ വിലയുള്ള സ്മാർട്ട്‌ഫോൺ വെള്ളത്തിൽ വീണത്. സംഭവമറിഞ്ഞെത്തിയ പ്രദേശ വാസികള്‍ ഫോണിനായി വെള്ളത്തിൽ തിരച്ചിൽ നടത്തി. എന്നാൽ ഫോണ്‍ കണ്ടെത്താനായില്ല. തുടർന്ന് രാജേഷ് വിശ്വാസ് പ്രാദേശിക ഡിവിഷനൽ ഓഫിസറിൽ നിന്നും വാക്കാൽ അനുമതി വാങ്ങിയ ശേഷം വെള്ളം വറ്റിക്കുകയായിരുന്നു. മൂന്നുദിവസം കൊണ്ടാണ് 21 ലക്ഷം ലിറ്റർ വെള്ളം ഒഴുക്കി കളഞ്ഞത്. ഗ്രാമത്തിലെ 1,500 ഏക്കർ കൃഷിയിടം നനയ്ക്കാനുള്ള വെള്ളമായിരുന്നു ഇത്. സംഭവം അറിഞ്ഞ ചിലർ കളക്ടർക്ക് പരാതി നല്‍കിതോടെയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
അഞ്ചടി വരെ വെള്ളം വറ്റിക്കാനാണ് ഉദ്യോഗസ്ഥൻ വാക്കാൽ അനുമതി നൽകിയത്. എന്നാൽ ഫോണ്‍ കിട്ടാഞ്ഞതോടെ രാജേഷ് 21 ലക്ഷം ലിറ്റർ പുറത്തേക്ക് ഒഴുക്കുകയായിരുന്നുവെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പദവി ദുരുപയോഗം ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് രേഖാമൂലം അനുമതി വാങ്ങാത്തതിനും ജില്ലാ കലക്ടര്‍ രാജേഷിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. രാജേഷ് തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെയാണ് ഫോൺ വെള്ളത്തിൽ വീണതെന്നാണ് റിപ്പോർട്ടുകള്‍. ഔദ്യോഗിക വിവരങ്ങൾ അടങ്ങുന്ന ഫോൺ ആയതിനാലാണ് വെള്ളം വറ്റിച്ചതെന്നാണ് രാജേഷ് നല്‍കുന്ന വിശദീകരണം. അതേസമയം വെള്ളം വറ്റിച്ചതോടെ മൊബൈൽ ഫോണ്‍ തിരികെ ലഭിച്ചെങ്കിലും മൂന്നുദിവസം വെള്ളത്തിൽ കിടന്നതിനാൽ ഉപയോഗശൂന്യമായ നിലയിലാണ്.
إرسال تعليق