തിരുവനന്തപുരം: എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി വിജയിച്ചതിന് പിന്നാലെ പത്താംക്ലാസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെയും കാണാനില്ലെന്ന് കുടുംബം. പെണ്‍കുട്ടിയുടെ കുടുംബം ആരോപണം ഉന്നയിച്ച് രംഗത്ത് വന്നതിന് പിന്നാലെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ യുവാവ് ഇതുവരെ മടങ്ങിവന്നിട്ടില്ലെന്നാണ് കുടുംബം പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയ യുവാവിന്റെ കുടുംബം ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും പറഞ്ഞു.
ചിറയിന്‍കീഴ് പണ്ടകശാല സ്വദേശിയായ അര്‍ജുനെതിരേ ആത്മഹത്യ ചെയ്ത രാഖിശ്രീയുടെ കുടുംബം രൂക്ഷമായ ആരോപണങ്ങളാണ് നടത്തിയത്. പിന്നാലെ നടന്ന് ശല്യം ചെയ്‌തെന്നും ഇപ്പോള്‍ തന്റെകൂടെ വരണമെന്നും അല്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ല എന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് കുടുംബം ആരോപിച്ചത്. എന്നാല്‍ ഇത് തള്ളിയ അര്‍ജുന്റെ കുടുംബം ഒരു വര്‍ഷമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നെന്നാണ് പറയുന്നത്.
എസ്എസ്എല്‍സി ജയം നേടിയത് മുതല്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് വരെയുള്ള കാര്യങ്ങള്‍ രാഖിശ്രീ അര്‍ജുനെ അറിയിച്ചിരുന്നതായും വാട്‌സാപ്പ് മെസേജ് അയയ്ക്കാറുണ്ടെന്നുമാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. സ്‌കൂളില്‍ വെച്ച് നടന്ന ഒരു ക്യാമ്പില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും പിന്നീട് പരസ്പരം ഇഷ്ടമുണ്ടായിരുന്നെന്നും യുവാവിന്റെ വീട്ടുകാര്‍ പറയുന്നു.
എന്നാല്‍ സ്‌കൂളില്‍ പോകുമ്പോള്‍ പ്രണയാഭ്യര്‍ത്ഥനയുമായി യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായിട്ടാണ് രാഖിശ്രീയുടെ കുടുംബം പോലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ രാഖിശ്രീ അര്‍ജുന് അയച്ച അവസാനത്തെ സന്ദേശം തങ്ങളുടെ ബന്ധം വീട്ടുകാര്‍ അറിഞ്ഞതിന്റെ ആശങ്ക പങ്കുവെച്ചുള്ളതായിരുന്നു എന്നാണ് അര്‍ജുന്റെ കുടുംബം പറയുന്നത്. എസ്എസ്എല്‍സി ഫലം വന്നതിന്റെ പിറ്റേദിവസം വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു രാഖിശ്രീയെ കണ്ടെത്തിയത്.
إرسال تعليق