മലപ്പുറം: 15 പേർക്ക് ബോട്ടിൽ കയറാൻ 1500 രൂപക്ക് പകരം 300 രൂപ നൽകിയാൽ മതിയെന്ന ജീവനക്കാരുടെ വാഗ്ദാനത്തിൽ കുടുംബം വീണുപോയെന്ന്, താനൂർ അപകടത്തിൽ 11 പേർ മരിച്ച വീട്ടിലെ ഗൃഹനാഥൻ സെയ്തലവി. പരമാവധി യാത്രക്കാരെ കുത്തിനിറക്കാനായിരുന്നു ബോട്ടുകാരുടെ ഈ തന്ത്രം. മുഖ്യ പ്രതി നാസർ നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ സാധ്യത ഉണ്ട്. ഉദ്യോഗസ്ഥർ ഉൾപ്പെടെ മുഴുവൻ പേരെയും പിടികൂടിയാൽ മാത്രമേ കുടുംബത്തിന് നീതി ലഭിക്കൂ എന്നും സെയ്തലവി പറഞ്ഞു. ഭാര്യയും നാലു മക്കളും ഉൾപ്പെടെ 11 പേരെയാണ് സെയ്തലവിക്ക് നഷ്ടമായത്.
ജീവനക്കാർ നിർബന്ധിച്ചു കയറ്റി. ബോട്ടിൽ കയറേണ്ട എന്ന് പെങ്ങളും മൂത്തമകളും പലവട്ടം പറഞ്ഞിരുന്നു. ബോട്ടിൽ കയറരുത് എന്ന് താനും ഫോണിൽ വിളിച്ചു പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. നാസറിന് സഹായം ചെയ്ത ഉദ്യോഗസ്ഥർ അടക്കം എല്ലാവരെയും പിടികൂടിയാലേ നീതി ലഭിക്കൂ. കുടുങ്ങിപ്പോയ ഒരു കുഞ്ഞിനെപ്പോലും രക്ഷിക്കാൻ ജീവനക്കാർ തയാറായില്ല. നാളെ മറ്റൊരു കുടുംബത്തിന് ഈ ഗതി വരരുതെന്നും സെയ്തലവി പറഞ്ഞു.
താനൂർ ബോട്ട് ബോട്ട് അപകടത്തിൽ വിവിധ വകുപ്പുകളുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച പുറത്തുവന്നിരുന്നു. നടപടിക്രമങ്ങൾ ലംഘിച്ചിട്ടും പിഴയടച്ച് എല്ലാം മറികടക്കാൻ നാസറിന് വഴിയൊരുങ്ങിയത് ഈ അലംഭാവത്തിലാണ്. ഉൾനാടൻ ജലഗതാഗതം സുരക്ഷിതമാക്കാനും ബോട്ടുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാനുമുള്ള കർശന വകുപ്പുകൾ ഉൾപ്പെടുന്ന 2021ലെ ഇൻലാൻഡ് വെസൽസ് ആക്ട് നിലവിലുണ്ട്.
ഈ നിയമം നടപ്പാക്കുന്നു എന്ന് ഉറപ്പാക്കേണ്ട തുറമുഖ വകുപ്പ്, മേൽനോട്ടം വഹിക്കേണ്ട മരി ടൈം ബോർഡും, എല്ലാം ഉണ്ടായിട്ടും സകല നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് താനൂർ സ്വദേശി നാസറിന് അറ്റ്ലാൻറിക് എന്ന ബോട്ട് തൂവൽ തീരത്ത് സർവീസിന് ഇറക്കാൻ കഴിഞ്ഞു. അനുവദനീയമായതിലും അധികം ആളുകളെ കയറ്റി അപകടകരമായ രീതിയിൽ ബോട്ട് സർവീസ് നടത്തുന്നത് സംബന്ധിച്ച് പരാതി ഉയർന്നിട്ടും നോക്കിനിന്ന പൊലീസിനും ടൂറിസം വകുപ്പിനുമടക്കം ഈ ദുരന്തത്തിൽ കൂട്ടുത്തരവാദിത്തമുണ്ട് എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിനെല്ലാം ഒടുവിലാണ് 22 ജീവനുകൾ പൊലിയുന്ന ദുരന്തത്തിലേക്ക് എത്തിയത്.
إرسال تعليق