സിവാന്‍: പതിനൊന്നുകാരിയായ കുട്ടിയെ ബലം പ്രയോഗിച്ച് വിവാഹം കഴിച്ചെന്ന പരാതിയിൽ നാൽപതുകാരൻ അറസ്റ്റിൽ. ബിഹാർ സിവാൻ സ്വദേശി മഹേന്ദ്ര പാണ്ഡെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. എന്നാൽ തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് മഹേന്ദ്ര പറയുന്നത്.
മഹേന്ദ്ര പാണ്ഡെയിൽ നിന്നും നേരത്തെ തങ്ങൾ പണം കടം വാങ്ങിയിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു, ഇത് തിരിച്ചടയ്ക്കാൻ വൈകിയതിനെ തുടർന്ന് ബലം പ്രയോഗിച്ച് മകളെ വിവാഹം കഴിച്ച് കൂട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് അമ്മ നൽകിയ പരാതിയിലാണ് മയ്ർവ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എന്നാൽ പെൺകുട്ടിയുടെ അമ്മയുടെ സമ്മതത്തോടെയാണ് താൻ വിവാഹം കഴിച്ചതെന്നും, അതിനുള്ള സൗകര്യങ്ങളെല്ലാം അവർ തന്നെയാണ് ഒരുക്കിയതെന്നും മഹേന്ദ്ര പാണ്ഡെ പറയുന്നു. തങ്ങൾ തമ്മിൽ ഇതുവരെ സാമ്പത്തിക ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്നും മഹേന്ദ്ര പറയുന്നു. തന്നോട് പെൺകുട്ടിയുടെ അമ്മ പണം ആവശ്യപ്പെട്ടിരുന്നു, അത് നൽകാതിരുന്നപ്പോൾ തന്നെ കേസിൽ കുടുക്കാനാണ് വ്യാജ പരാതി നൽകിയതെന്നും മഹേന്ദ്ര പറയുന്നത്. തന്റെ അമ്മ മഹേന്ദ്ര പാണ്ഡെക്കെതിരെ വ്യാജ പരാതിയാണ് നൽകിയതെന്നും, തങ്ങളെ ഇരുവരെയും അമ്മ കുടുക്കുകയാണെന്നും പെൺകുട്ടിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച മഹേന്ദ്രക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കേസിൽ അന്വേഷണം തുടരുകയാണെന്നറിയിച്ച പൊലീസ് പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധന റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
إرسال تعليق