Join News @ Iritty Whats App Group

കൊട്ടിയൂർ വൈശാഖ മഹോത്സവം നീരെഴുന്നള്ളത്ത് നടന്നു ജൂൺ 1 ന് നെയ്യാട്ടം


കൊട്ടിയൂർ : ഈ വർഷത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്‍റെ അക്കരെ സന്നിധാനത്ത് നടക്കുന്ന ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് നടന്നു. പതിനൊന്നു മാസത്തോളം മനുഷ്യര്‍ക്ക് പ്രവേശനമില്ലാതിരുന്ന അക്കരെ സന്നിധിയിലേക്ക് ആദ്യമായി സ്ഥാനികരും ആചാര്യന്മാരും അടിയന്തിരക്കാരും പ്രവേശിക്കുന്ന ദിവസം കൂടിയാണ് ഇടവമാസത്തിലെ മകം നാളില്‍ നടക്കുന്ന നീരെഴുന്നള്ളത്ത് ചടങ്ങ് . 
ആദ്യം ഒറ്റപ്പിലാന്‍ കുറിച്യ സ്ഥാനികന്‍റെ നേതൃത്വത്തില്‍ ഇക്കരെ ക്ഷേത്രനടയിലും അക്കരെ ക്ഷേത്രത്തിന്‍റെ കിഴക്കേനടയായ മന്ദംചേരിയില്‍ ബാവലിക്കരയില്‍ വച്ചും തണ്ണീര്‍ കുടി ചടങ്ങ് നടത്തി. തുടര്‍ന്ന് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തില്‍ പുറപ്പെട്ട സംഘം കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദംചേരിയിലെ കൂവപ്പാടത്ത് എത്തി. ഇവിടെ നിന്നും കൂവയില പറിച്ചെടുത്ത് ബാവലി തീര്‍ത്ഥം ശേഖരിച്ച് തിരുവഞ്ചിറയിലേക്ക് പ്രവേശിച്ചു. മണിത്തറയിലെ സ്വയംഭൂവില്‍ ആദ്യം ഒറ്റപ്പിലാന്‍ സ്ഥാനികനും തുടര്‍ന്ന് പടിഞ്ഞീറ്റിയുടെ നേതൃത്വത്തിലുള്ള സംഘവും അഭിഷേകം നടത്തി. ശേഷം തിടപ്പള്ളി അടുപ്പില്‍ നിന്ന് ഭസ്മം സ്വീകരിച്ച് പടിഞ്ഞാറെ നടവഴി സംഘം ഇക്കരെ കടന്നു. 
രാത്രിയില്‍ പടിഞ്ഞീറ്റ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ആയില്യാര്‍ക്കാവില്‍ നിഗൂഢ പൂജ നടക്കും. വിശിഷ്ടമായ അപ്പട നിവേദ്യവും നടക്കും. ഈ പൂജയ്ക്ക് ശേഷം ആയില്യാര്‍ക്കാവിലേക്കുള്ള വഴി അടയ്ക്കും. പിന്നെ അടുത്ത വര്‍ഷത്തെ പ്രക്കൂഴം ചടങ്ങിനാണ് തുറക്കുക. 28 നാൾ നീണ്ടു നിൽക്കുന്ന വൈശാഖ മഹോത്സവത്തിന് ജൂൺ 1 ന് നടക്കുന്ന നെയ്യാട്ടത്തോടെ തുടക്കമാകും. ജൂൺ 2 ന് അർദ്ധരാത്രി ഭഗവാന്റെ തിരുവാഭരണങ്ങളും സ്വർണ , വെള്ളി പാത്രങ്ങൾ ഉൾപ്പെടെയുളള ഭണ്ഡാരം എഴുന്നെള്ളത്ത് നടക്കും. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ സന്നിധാനത്ത് എത്തുന്നതോടെയാണ് സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശനം അനുവദിക്കുക.

Post a Comment

أحدث أقدم
Join Our Whats App Group