ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. ആംആദ്മി പാര്‍ട്ടിക്കും, കെജ്രിവാളിനും നിര്‍ണായകമാണ് ഈ ദിനം. സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്നാണ് അറിയാനുള്ളത്. മദ്യ അഴിമതി എന്നത് തന്നെ ഇല്ലാത്ത സംഭവമാണെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ ഈ കേസില്‍ അറസ്റ്റിലായതാണ്.
സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. ബിജെപിയുടെ നിര്‍ദേശപ്രകാരം സിബിഐ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കെജ്രിവാള്‍ പറയുന്നത്. താന്‍ സത്യസന്ധതയോടെ മറുപടി പറയും. കാരണം യാതൊരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ബിജെപി അധികാരത്തിന്റെ ഉന്മാദത്തിലാണ്. ആരെ വേണമെങ്കിലും അവര്‍ എന്തും ചെയ്യും. എല്ലാവരെയും അവര്‍ ഭീഷണിപ്പെടുത്തുകയാണ്.
രാഷ്ട്രീയക്കാര്‍, ജഡ്ജിമാര്‍, മാധ്യങ്ങള്‍ അങ്ങനെ അവര്‍ക്ക് വഴങ്ങാത്തവരെ മൊത്തം ബിജെപി ജയിലില്‍ അടയ്ക്കുമെന്ന് അഹങ്കാരത്തോടെ പ്രഖ്യാപിക്കുകയാണ് അവരെന്നും കെജ്രിവാള്‍ ആരോപിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് ദില്ലിയിലെ ലോധി റോഡിലുള്ള സിബിഐ ആസ്ഥാനത്തെത്തുക.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കെജ്രിവാളിനൊപ്പം സിബിഐ ആസ്ഥാനതെത്തും. അദ്ദേഹം ദില്ലി ഒന്നാകെ അതി ജാഗ്രതയിലാണ്. പോലീസ് സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. അറസ്റ്റുണ്ടായാല്‍ വലിയ പ്രതിഷേധത്തിന് ദില്ലി സാക്ഷ്യം വഹിക്കാനാണ് സാധ്യത.എഎപിയുടെ എംപിമാരും, ദില്ലി കുറച്ച് മന്ത്രിമാരും കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്തിടെ ഒരു മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന സംഭവം ഇത് ആദ്യമായിട്ടാണ്. സിബിഐ ആസ്ഥാനം കനത്ത സുരക്ഷയിലാണ്. ദില്ലി പോലീസാണ് ഇവിടെ സുരക്ഷ ഒരുക്കിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് പോലീസ് നീക്കം. എഎപി പ്രവര്‍ത്തകരില്‍ നിന്ന് വലിയ പ്രതിഷേധമുണ്ടാകുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നുണ്ട്. എഎപി പ്രവര്‍ത്തകരുടെ പ്രവാഹം തന്നെ സിബിഐ ആസ്ഥാനത്തേക്ക് ഉണ്ടാവുമെന്നാണ് കരുതുന്നത്.
ദില്ലി മദ്യ അഴിമതി കേസില്‍ ദൃക്‌സാക്ഷിയായിട്ടാണ് കെജ്രിവാളിനെ സിബിഐ വിളിച്ച് വരുത്തിയിരിക്കുന്നത്.അതേസമയം കേസില്‍ ആരോപണ വിധേയനല്ല കെജ്രിവാള്‍. മദ്യ ലോബിക്ക് അനുകൂലമായിട്ടാണ് പുതിയ മദ്യ നയം ഉണ്ടാക്കിയതെന്ന് സിബിഐയും, ഇഡിയും ആരോപിക്കുന്നു. മറ്റ് പ്രതികളുടെ മൊഴിയെ കേന്ദ്രീകരിച്ചാവും സിബിഐ കെജ്രിവാളിനെ ചോദ്യം ചെയ്യുക.
എന്ത് മാനദണ്ഡങ്ങള്‍ പ്രകാരമാണ് മദ്യ നയം രൂപപ്പെടുത്തിയതെന്ന ചോദ്യം കെജ്രിവാള്‍ നേരിട്ടേക്കും. ദക്ഷിണേന്ത്യന്‍ ലോബിയെ കുറിച്ചുള്ള വിവരങ്ങളും തേടിയേക്കും. ഈ ലോബിയെ കുറിച്ചുള്ള വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നതെന്ന് സിബിഐ പറഞ്ഞിരുന്നു. ബിസിനസുകാരും, രാഷ്ട്രീയക്കാരും ചേര്‍ന്നതാണ് ഈ ദക്ഷിണേന്ത്യന്‍ ലോബി എന്നാണ് സിബിഐ പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ ഇഡി ചോദ്യം ചെയ്തിരുന്നു. അതേസമയം കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് എഎപിയും, പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നു. പ്രതിപക്ഷത്തെ ദ്രോഹിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും നേതാക്കള്‍കുറ്റപ്പെടുത്തുന്നു.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കെജ്രിവാളിനെ ജയിലില്‍ അടയ്ക്കാനാണ് കേന്ദ്രം പ്ലാന്‍ ചെയ്യുന്നതെന്നാണ് കുറ്റപ്പെടുത്തല്‍. ഇതിലൂടെ പ്രതിപക്ഷ സഖ്യത്തെ പൊളിക്കാനാണ് കേന്ദ്രം പ്ലാന്‍ ചെയ്യുന്നതെന്നും എഎപി കുറ്റപ്പെടുത്തി. സിബിഐക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം പാലിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
إرسال تعليق