കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ എത്തും. വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് , യുവം 2023 കോണ്‍ക്ലേവ് , കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന പരിപാടികൾ. ഇന്റലിജൻസ് റിപ്പോർട്ട് ചോർന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോയുടെ ഭാഗമായി ഇന്ന് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രിക്ക് കാെച്ചിയിലും തിരുവനന്തപുരത്തും വിപുലമായ പരിപാടികളാണ് ഉള്ളത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയിലെ നാവിക ആസ്ഥാനത്ത് പ്രധാനമന്ത്രി വിമാനമിറങ്ങും. 5.30 ന് നാവിക ആസ്ഥാനത്ത് നിന്ന് യുവം 2023 പരിപാടി നടക്കുന്ന എസ് എച്ച് കോളേജ് ഗ്രൗണ്ടിലേക്ക് സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും . ബിജെപിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ 15000 ത്തോളം പേർ റോഡ് ഷോയിൽ പങ്കാളികളാകും. 20000 പേരെ പങ്കെടുപ്പിച്ചുള്ള യുവ വേദിയിലേക്ക് 6 മണിയോടെയാണ് മോദി എത്തുക. യുവാക്കളോട് നേരിട്ട് മോദി സംവദിക്കും.
മുക്കാൽ മണിക്കൂർ ഇവിടെ ചിലവിട്ട ശേഷം താജിലേക്ക് പ്രധാനമന്ത്രി മടങ്ങും. തുടര്‍ന്ന് ക്രെെസ്തവ സഭ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിക്ക് പഴുതടച്ചുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2060 പോലീസുകാരെ വിനിയോഗിച്ചു. ഉച്ചമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മാെബെെൽ ഫോൺ മാത്രമായിരിക്കും അനുവദിക്കുക.
ഇന്റലിജൻസ് റിപ്പോർട്ട് ചോർന്നത് കണക്കിലെടുത്ത് പോലീസ് ഉദ്യോഗസ്ഥരുടെയും വാഹനങ്ങളുടെയും വിന്യാസത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് രാത്രി കാെച്ചിയിൽ തങ്ങിയ ശേഷം ചൊവ്വാഴ്ച രാവിലെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് എത്തുക. വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫ് കർമവും കാെച്ചി വാട്ടർ മെട്രോ ഉദ്ഘാടനവും ഉൾപ്പെടെ 3500 കോടി യുടെ വികസന പദ്ധതികൾക്ക് തലസ്ഥാനത്ത് മോദി തുടക്കം കുറിയ്ക്കും.
إرسال تعليق