Join News @ Iritty Whats App Group

കേരളവിപണി ലക്ഷ്യമിട്ട് ക‍ർണാട മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, പ്രതിഷേധിച്ച് മില്‍മ; പിൻവലിക്കണമെന്ന് ആവശ്യം



തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിലെ പാലുല്‍പ്പാദക സംഘങ്ങള്‍ കേരള വിപണിയില്‍ നേരിട്ട് പാല്‍വില്‍പന നടത്തുന്നതില്‍ പ്രതിഷേധവുമായി മില്‍മ. കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ കേരളത്തില്‍ രണ്ടിടത്ത് ഔട്ട്ലറ്റുകള്‍ തുടങ്ങിയതാണ് മില്‍മയെ പ്രകോപിപ്പിച്ചത്. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്ന് പാല്‍ വാങ്ങുന്നത് പുനഃപരിശോധിക്കുന്നതടക്കമുളള കാര്യങ്ങള്‍ പരിഗണനയിലുളളതായി മില്‍മ ചെയര്‍മാന്‍ എംഎസ് മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അമൂല്‍ മാതൃകയില്‍ ക്ഷീരകര്‍ഷകരുടെ സഹകരണ പ്രസ്ഥാനങ്ങളാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പാലിന്‍റെയും പാല്‍ ഉല്‍പ്പനങ്ങളുടെയും വിപണി പ്രധാനമായും നിയന്ത്രിക്കുന്നത്. പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിച്ചുവന്ന മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വിപണി വിപുലപ്പെടുത്താന്‍ നീക്കം തുടങ്ങിയതാണ് തര്‍ക്കത്തിന് കാരണം. കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് കീഴിലുളള നന്ദിനി മഞ്ചേരിയിലും കൊച്ചിയിലും പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാന്‍ ഔട്ട്ലറ്റുകള്‍ തുടങ്ങിയതോടെ മില്‍മയുടെ പ്രതിഷേധം പരസ്യമാക്കുകയാണ്.

നേരത്തെ കര്‍ണാടകയില്‍ പാല്‍വില്‍പന തുടങ്ങാന്‍ ഗുജറാത്തിലെ അമുല്‍ നീക്കം നടത്തിയപ്പോള്‍ കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. എന്നാല്‍ അതേ ഫെഡറേഷന്‍ കേരള വിപണിയില്‍ നേരിട്ട് പാല്‍ വില്‍ക്കാന്‍ എത്തുന്നതിന്‍റെ ന്യായമെന്താണ് മില്‍മയുടെ ചോദ്യം. കര്‍ണാടകയെ എതിര്‍പ്പ് അറിയിച്ച മില്‍മ കേന്ദ്ര ക്ഷീര വികസന ബോര്‍ഡിലും പരാതി ഉന്നയിച്ചിട്ടുണ്ട്.

ഉല്‍പ്പാദനച്ചിലവ് കുറവായതിനാല്‍ കേരള വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് പാല്‍ വില്‍ക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ സംഘങ്ങള്‍ക്ക് കഴിയും. അങ്ങനെ വന്നാല്‍ വിപണിയില്‍ വലിയ തിരിച്ചടിയാകുമെന്നാണ് മില്‍മയുടെ ആശങ്ക. മില്‍മയുടെ ലാഭത്തിന്‍റെ ഗണ്യമായ പങ്കും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെയാണ് ലഭിക്കുന്നത്. നന്ദിനി ഉള്‍പ്പെടെ കൂടുതല്‍ ഔട്ട്ലറ്റുകള്‍ തുറന്നാല്‍ ആകെ വരുമാനത്തെയും അത് ബാധിക്കാം. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ കര്‍ഷകരെ അണിനിരത്തി ഈ നീക്കം ചെറുക്കുന്ന കാര്യവും മില്‍മയുടെ പരിഗണനയിലുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group