കണ്ണൂര്‍: ആദ്യയാത്ര വിജയകരമായി പൂര്‍ത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോടെത്തി. രാത്രി ഒമ്പത് മണിയോടെയാണ് വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോടെത്തിയത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഔദ്യോഗിക യാത്രയ്ക്ക് പച്ചക്കൊടി വീശിയത്.
കേരളത്തിന് കുതിപ്പേകി വന്ദേഭാരത് എക്സപ്രസിന് ഫ്ലാഗ് ഓഫ്. രാവിലെ പത്തേമുക്കാലോടെ എത്തിയ പ്രധാനമന്ത്രി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തി. ഗവർണറും മുഖ്യമന്ത്രിയും കേന്ദ്ര റയില്‍വെ മന്ത്രിയും ഒപ്പമുണ്ടായിരുന്നു. ആദ്യം സി-2 കോച്ചിലേക്ക് പ്രവേശിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി അല്പനേരം സംവദിച്ചു. ട്രെയിനില്‍ നിന്നിറങ്ങിയ പ്രധാനമന്ത്രി പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തി വന്ദേഭാരതിന് പച്ച കൊടി വീശി. തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് പേരാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയത്.
വന്ദേഭാരത് എക്സ്പ്രസിന് കണ്ണൂരിൽ സ്വീകരണമൊരുക്കി സിപിഎം. ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിലാണ് ലോകോ പൈലറ്റിനെ ഷാൾ അണിയിച്ച് സ്വീകരിച്ചത്. കെ വി സുമേഷ് എംഎൽഎ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് ജയരാജൻ പ്രതികരിച്ചു. കേരളത്തിന് വന്ദേ ഭാരതും, കെ റെയിലും വേണമെന്നാണ് നിലപാടെന്ന് എം വി ജയരാജൻ കൂട്ടിച്ചേര്‍ത്തു.
إرسال تعليق