Join News @ Iritty Whats App Group

അഞ്ചംഗ കുടുംബം വിഷം കഴിച്ചു, ദമ്പതികൾ മരിച്ചു,കുഞ്ഞുങ്ങൾ ചികിത്സയിൽ; പിന്നിൽ ബ്ലേഡ് മാഫിയയെന്ന് ആരോപണം


ഇടുക്കി: കഞ്ഞിക്കുഴിയിൽ അഞ്ചംഗ കുടുംബ വിഷം കഴിച്ച സംഭവത്തിനു കാരണം ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന ആരോപണവുമായി ബന്ധുക്കൾ. ഇന്നലെ ഉച്ചയോടെയാണ് പുന്നയാർ കാരാടിയിൽ ബിജുവും ഭാര്യ ടിൻറുവും മരിച്ചത്. വിഷം ഉള്ളിൽ ചെന്ന് ഇവരുടെ മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മരിച്ച ബിജുവിൻറെ അമ്മയുടെ പേരിലുള്ള 77 സെൻറ് സ്ഥലത്തിൻറെ പട്ടയം ഈട് നൽകി ബിജു പലിശയ്ക്ക് പണം വാങ്ങിയതായാണ് സംശയം. വായ്പയെടുക്കാൻ അമ്മയുടെ പക്കൽ നിന്നും ബിജു പട്ടയം വാങ്ങിയിരുന്നു. അപേക്ഷയിൽ ഒപ്പിട്ടു കൊടുക്കാത്തതിനാൽ ബാങ്കിൽ നിന്നല്ല വായ്പയെടുത്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടൊപ്പം മറ്റു പലരിൽ നിന്നും പണം പലിശക്ക് വാങ്ങിയിരുന്നു. കഞ്ഞിക്കുഴിയിലുള്ള ബ്ലേഡ് മാഫിയക്കാർ ഇവരുടെ ഹോട്ടലിൽ സ്ഥിരമായെത്തി പണം തിരികെ ചോദിക്കാറുണ്ടെന്ന് ബിജുവിൻറെ സുഹൃത്തുക്കളും പറയുന്നു. ഇതു മൂലമുണ്ടായ മാനസിക വിഷമമാണ് കൂട്ട ആത്മഹത്യ ശ്രമത്തിലേക്ക് എത്തിച്ചതെന്നാണ് സംശയം.

വീട്ടിൽ ഇരുന്ന പട്ടയം നഷ്ടപ്പെട്ടെന്ന് ബിജുവിന്റെ സഹോദരിയും പറയുന്നു. മറ്റൊരാൾക്ക് ചിട്ടിയിൽ നിന്നും ലഭിച്ച പണം ബിജു വാങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആരിൽ നിന്നൊക്കെ പണം കടംവാങ്ങിയിരുന്നുവെന്നും ആരെങ്കിലും ഭീഷണിപ്പെടുത്തിയിരുന്നോ എന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നര വയസ്സുള്ള കുഞ്ഞുൾപ്പെടെ മൂന്നു കുട്ടികൾക്ക് വിഷം നൽകിയ ശേഷമാണ് ബിജുവും ടിൻറുവും വിഷം കഴിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Post a Comment

أحدث أقدم
Join Our Whats App Group