ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി മുതിർന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ കോണ്‍ഗ്രസില്‍ ചേർന്നു. കഴിഞ്ഞ ദിവസം എം എല്‍ എ സ്ഥാനം രാജിവെച്ച ഷെട്ടാർ ബി ജെ പി പ്രാഥമിക അംഗത്വവും ഇന്ന് രാജിവെച്ചു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി പാർട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.
എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ, കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ജഗദീഷ് ഷെട്ടാർ കോണ്‍ഗ്രസില്‍ ചേർന്നത്. ഇന്നലെ ഷെട്ടാർ കോൺഗ്രസിന്റെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച പ്രത്യേക ഹെലികോപ്റ്ററിൽ ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് എത്തിയായിരുന്നു അദ്ദേഹത്തിന്റെ കൂടുക്കാഴ്ച. ഷെട്ടാറിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായും ചർച്ച നടത്തിയിരുന്നു.
കർണാടക സംസ്ഥാന കോൺഗ്രസ് ഇൻചാർജ് രൺദീപ് സിങ് സുർജേവാല, കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ എന്നിവരായിരുന്നു ബെംഗളൂരുവിൽ ഷെട്ടാറുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ ഇന്ന് രാവിലയോടെ അദ്ദേഹം കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയായിരുന്നു.
"ഒരു പുതിയ അധ്യായം, ഒരു പുതിയ ചരിത്രം, ഒരു പുതിയ തുടക്കം.... മുൻ ബിജെപി മുഖ്യമന്ത്രി, മുൻ ബിജെപി അധ്യക്ഷൻ, മുൻ പ്രതിപക്ഷ നേതാവ്, ആറ് തവണ എംഎൽഎ, ശ്രീ. ജഗദീഷ് ഷെട്ടാർ ഇന്ന് കോൺഗ്രസ് കുടുംബത്തിൽ ചേരും'' പാർട്ടി ആസ്ഥാനത്തെ ചടങ്ങിന് മുന്നോടിയായി ഷെട്ടറിനെ കോൺഗ്രസ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് രൺദീപ് സിങ് സുർജേവാല ട്വിറ്ററില്‍ കുറിച്ചു. ഷെട്ടാർ അപമാനിക്കപ്പെട്ടുവെന്നും ബി ജെ പി ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നുവെന്നും സുർജേവാല ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ഷെട്ടാർ ബി ജെ പി നേതൃത്വവുമായി ഇടയുന്നത്. പ്രമുഖ ലിംഗായത്ത് നേതാവ് കൂടിയായ ജഗദീഷ് ഷെട്ടാർ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തില്‍ നിന്നും മത്സരിക്കാനായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ ഇതിന് ബി ജെ പി വഴങ്ങിയത്. കോണ്‍ഗ്രസില്‍ എത്തിയ ഷെട്ടാറിന് ഇതേ മണ്ഡലത്തില്‍ സീറ്റ് നല്‍കും.
പാർട്ടിയില്‍ തുടരുന്നതിന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജഗദീഷ് ഷെട്ടാറിന് കേന്ദ്രത്തില്‍ വലിയ പദവി വാഗ്ദാനം ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്നലെ വ്യക്തമാക്കിയിരുന്നു. "ജഗദീഷ് ഷെട്ടർ ഈ മേഖലയിലെ മുതിർന്ന നേതാവാണ്. ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഡൽഹിയിൽ വലിയ പദവി ഷെട്ടറിന് വാഗ്ദാനം ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി തുടർന്നിരുന്നെങ്കിൽ എല്ലാം ശരിയാകുമായിരുന്നു," എന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.
إرسال تعليق