കോഴിക്കോട്: ഏലത്തൂരിൽ ട്രെയിനിൽ തീവെച്ച ശേഷം ഒളിവിൽ പോയതെന്ന് കരുതുന്ന പ്രതി ഷാരൂഖ് സൈഫിയെ മഹാരാഷ്ട്രയിൽനിന്ന് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെയാണ് പ്രതിയെ പിടിച്ചത്. മഹാരാഷ്ട്രയിലെ രത്നഗിരി റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയത്. കേന്ദ്ര ഇന്റലിജൻസിന്റെയും മഹാരാഷ്ട്ര എടിഎസിന്റെയും സംയുക്ത സംഘമാണ് മഹാരാഷ്ട്രയിലെ രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഷാരൂഖ് സൈഫിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചു. പ്രതിക്ക് പരിക്കേറ്റതായി ദൃശ്യങ്ങളിൽനിന്ന് ലഭ്യമാണ്.
ഇന്നലെ രത്‌നഗിരിയിലുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. രത്‌നഗിരിയിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ട്രെയിനിൽ തീവെച്ച ശേഷം പുറത്തേക്ക് ചാടിയ പ്രതിക്ക് പരിക്കേറ്റിരുന്നു. ഇയാളെ രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.
എന്നാൽ, ചികിത്സ പൂർത്തിയാക്കാതെ ഇയാൾ ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രത്‌നഗിരി മേഖലയിൽ വ്യാപക തിരച്ചിൽ നടത്തുകയും ഷാരൂഖ് സൈഫിയെ റെയിൽവേസ്റ്റേഷനിൽവെച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇയാൾ ഇപ്പോൾ ആർപിഎഫ് രത്നഗിരിയുടെ കസ്റ്റഡിയിലാണ്. കേരള പോലീസും രത്‌നഗിരിയിലെത്തിയിട്ടുണ്ട്.
إرسال تعليق