Join News @ Iritty Whats App Group

പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ അദാനി വിഷയത്തിൽ പ്രതിപക്ഷ ബഹളം; ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു


ദില്ലി: അദാനി വിവാദത്തില്‍ പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. തന്നെ മോശക്കാരനാക്കാന്‍ പ്രതിപക്ഷം നിരന്തരം ശ്രമിക്കുകയാണെന്നും അതിന് ജനം മറുപടി നല്‍കുമെന്നും ബിജെപി സ്ഥാപക ദിനത്തിലെ അഭിസംബോധനയില്‍ പ്രധാനമന്ത്രി തിരിച്ചടിച്ചു.

പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ അവസാന ദിനം ലോക് സഭയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിപക്ഷം നേരിട്ടത് മോദി അദാനി ഭായ് ഭായ് വിളികളുമായാണ്. അദാനിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയില്ലേയെന്നും പ്രതിപക്ഷം ചോദിച്ചു. കറുത്ത വസ്ത്രത്തില്‍ പ്രതിഷേധമറിയിച്ച എംപിമാര്‍ പ്ലക്കാര്‍ഡുകളും, മുദ്രാവാക്യവുമായി സ്പീക്കരുടെ ഇരിപ്പിടത്തിനടുത്തെത്തി പ്രതിഷേധിച്ചു. ജനാധിപത്യ മര്യാദയില്ലാതെ പ്രതിപക്ഷം പെരുമാറുന്നുവെന്ന് സ്പീക്കർ കുറ്റപ്പെടുത്തി. സ്പീക്കറുടെ ശകാരത്തിന് ശേഷവും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. ബഹളത്തില്‍ സഭ മുങ്ങിയതോടെ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.

പ്രതീക്ഷ നഷ്ടപ്പെട്ട് നിസഹായരായ പ്രതിപക്ഷം നുണ പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കേണ്ടെന്നും, അഴിമതിക്കും കുടുംബാധിപത്യത്തിനുമെതിരെ പോരാടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സഭ പിരിഞ്ഞതിന് ശേഷം സ്പീക്കര്‍ വിളിക്കാറുള്ള ചായ സത്ക്കാരവും പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. ദേശീയ പതാകയുമായി വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തിയ നേതാക്കളെ പോലീസ് തടഞ്ഞു.

അദാനി വിവാദം, രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടങ്ങിയ വിഷയങ്ങളിലെ പ്രതിപക്ഷ പ്രതിഷേധത്തെ ചൊല്ലി ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം ഒരുു ദിവസം പോലും സഭ ചേരാനായിരുന്നില്ല.രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം സഭ തടസപ്പെടുത്തുന്നതിനും ഈ സമ്മേളനകാലം സാക്ഷിയായി. പ്രതിഷേധങ്ങള‍്ട്ടിടയിലും ഭൂരിപക്ഷ പിന്തുണയില്‍ ബജറ്റ് പാസാക്കാനും, ചര്‍ച്ചകള്‍ കൂടാതെ ബില്ലവതരിപ്പിക്കാനും ഭരണപക്ഷത്തിനായി.

Post a Comment

أحدث أقدم
Join Our Whats App Group