Join News @ Iritty Whats App Group

'എത്ര നേതാക്കളെ ജയിലിലിട്ടാലും പോരാട്ടം തുടരും'; സിബിഐ നടപടി പ്രതിപക്ഷ ഐക്യം ഭയന്നെന്ന് അതിഷി മർലേന



ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ സിബിഐ നടപടി പ്രതിപക്ഷ ഐക്യം കണ്ടാണെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി മർലേന. ഇഡിയെയും സിബിഐയെയും കാട്ടി ആംആദ്മി പാർട്ടിയെ ഭയപ്പെടുത്താനാകില്ലെന്നും, പോരാട്ടം തുടരുമെന്നും അതിഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര ഏജൻസികളെ കാട്ടി എഎപിയെ ഭയപ്പെടുത്താനാകില്ല, ബിജെപി പ്രതിപക്ഷത്തെ ഇല്ലാതാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇഡിയെയും സിബിഐയെയും കണ്ട് പേ‌ടിക്കുന്ന പാർട്ടിയല്ല ആംആദ്മി പാർട്ടി, അവർ എത്ര നോട്ടീസ് വേണമെങ്കിലും അയക്കട്ടെ, എത്ര നേതാക്കളെ വേണമെങ്കിലും ജയിലിടട്ടെ, ഞങ്ങൾ പോരാട്ടം തുടരും. അരവിന്ദ് കെജ്രിവാൾ നൂറു ശതമാനവും അന്വേഷണവുമായി സഹകരിക്കും, ഞങ്ങൾക്ക് ഒന്നും ഒളിക്കാനില്ല. ബിജെപിക്ക് പ്രതിപക്ഷം വേണമെന്നില്ല, ഒന്നിനുപുറകെ ഒന്നായി ആക്രമിക്കുന്നത് അതുകൊണ്ടാണ്, പക്ഷെ കെജ്രിവാൾ ഇത്തരം നീക്കങ്ങളെ ഭയപ്പെടില്ലന്നും അതിഷി പറഞ്ഞു.

അദാനിയുടെ കമ്പനിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോടികളുടെ കള്ളപ്പണം നിക്ഷേപിച്ചത് കെജ്‍രിവാൾ ചോദ്യം ചെയ്തതിനുള്ള ശിക്ഷയാണിതെന്ന് എഎപി എംപി സഞ്ജയ് സിം​ഗും പ്രതികരിച്ചു. ലക്ഷക്കണക്കിന് കോടിയുടെ കള്ളപ്പണം നരേന്ദ്രമോദിയുടേതാണ്. അതിനെ കെജ്രിവാൾ ചോദ്യം ചെയ്തതിനുള്ള ശിക്ഷയാണ് സിബിഐ നടപടി. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാറും പ്രധാനനമന്ത്രിയുമാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. നടപടിക്കെതിരെ കോടതിയെ സമീപിക്കുന്നത് ആലോചിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group