ഏറെക്കാലമായി മലയാളികള്‍ കൊതിയോടെ കാത്തിരുന്ന അതിവേഗ ട്രെയിൻ ഒടുവില്‍ കേരളത്തിന്‍റെ മണ്ണിലേക്ക്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരളത്തിലെ ആദ്യ സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 25ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.
കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട് എന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഈ മാസം ഒടുവില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. യുവം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി തദ്ദേശീയ സെമി-ഹൈ സ്പീഡ് ട്രെയിനുകൾക്കായി എട്ട് കോച്ചുകൾ വീതമുള്ള മൂന്ന് റേക്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി റിപ്പോർട്ട് .
എന്നിരുന്നാലും, സംസ്ഥാനത്ത് വന്ദേ ഭാരത് ട്രെയിനുകളുടെ സുഗമമായ പ്രവർത്തനത്തിന് നിലവിലുള്ള റെയിൽവേ ട്രാക്കുകളും സിഗ്നൽ സംവിധാനങ്ങളും നവീകരിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ ട്രെയിനുകൾ ഓടിക്കാൻ ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിലും വിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വന്ദേ ഭാരതിന്‍റെ സർവീസിനായുള്ള അറ്റകുറ്റ സൗകര്യങ്ങൾ കൊച്ചുവേളിയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരതിന്‍റെ സർവീസ്. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയായിരിക്കും വേഗത. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്റ്റോപ്പുകൾ.
വന്ദേ ഭാരതിനായി രണ്ട് പിറ്റ് ലൈനുകൾ വൈദ്യുതീകരിച്ചിട്ടുണ്ട്. ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ് എന്നാണ് അറിയുന്നത്. യാത്രക്കാരുടെ വർധനവ് അനുസരിച്ച് കോച്ചുകളുടെ എണ്ണവും കൂട്ടാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, വിവിധ റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള പ്രക്രിയകൾ നടക്കുന്നുണ്ട്.
إرسال تعليق