കോഴിക്കോട്; ചിരിയുടെ പെരുമഴക്കാലം തീർത്ത പ്രിയനടന് മാമുക്കോയ ഇനി ഓര്മ. രാവിലെ 11.07ഓടെ കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ മൃതദേഹം സംസ്കരിച്ചു. പ്രിയനടനെ ഒരു നോക്കു കാണാന്‍ നിരവധി പേരാണ് അവസാന നിമിഷങ്ങളിലും വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നത്.
9.15ഓടെ വീട്ടിലെ ചടങ്ങുകള്‍ അവസാനിച്ച ശേഷം മൃതദേഹം വീടിന് സമീപത്തുള്ള അരിക്കിണര് മുജാഹിദ് പള്ളിയില്‍ എത്തിച്ചു. വിലാപയാത്ര കാല്‍നടയായാണ് ഇവിടെയെത്തിയത്.
ഇവിടെ മയ്യത്ത് നമസ്കാരം നടത്തിയ ശേഷം മൃതദേഹം ആംബുലന്‍സില്‍ ഏഴു കിലോമീറ്റര്‍ അകലെയുള്ള കണ്ണംപറമ്പ് പള്ളിയിലെത്തിച്ചു. ഇവിടെയും മയ്യത്ത് നമസ്കാരം നടത്തിയ ശേഷമാണ് ഖബര്സ്ഥാനിലേയ്ക്ക് മൃതദേഹം എത്തിച്ചത്.
ഖബര്‍സ്ഥാനിൽ വച്ചുള്ള മയ്യത്ത് നിസ്കാരത്തിന് ശേഷം മൃതദേഹം ഖബറടക്കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
സംവിധായകരായ സത്യന് അന്തിക്കാട്, വി.എം.വിനു തുടങ്ങിയവര്‍ ബുധനാഴ്ച അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. നടന് ഇടവേള ബാബു, ജോജു ജോര്‍ജ് അടക്കമുള്ളവര്‍ ഇന്ന് വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 ഓടെയായിരുന്നു മാമുക്കോയയുടെ അന്ത്യം.
കഴിഞ്ഞ ദിവസം കാളികാവ് പൂങ്ങോട് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് നില അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയത്.
إرسال تعليق