Join News @ Iritty Whats App Group

ആരോപണം അ‌ടയ്ക്കാ മോഷണം, സന്തോഷിനേറ്റത് ക്രൂര മർദ്ദനം, സംഭവം വിവാഹം നടക്കാനിരിക്കെ


തൃശൂർ: അടയ്ക്കാ മോഷണം ആരോപിച്ചാണ് ആൾക്കൂട്ടം സന്തോഷിനെ ക്രൂരമായി മർദ്ദിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ്. ക്രൂരമായ മർദ്ദനമാണ് സന്തോഷിനേറ്റത്. പരിക്കുകൾ ​ഗുരുതരമാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. തൃശൂർ കിള്ളിമംഗലത്താണ് യുവാവ് ആൾക്കൂട്ട മർദനത്തിനിരയായത്. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.

വെട്ടിക്കാട്ടിരി സ്വദേശിയാണ് 32 കാരനായ സന്തോഷ് . ഇയാളുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ട്. അബ്ബാസ് എന്ന അടയ്ക്ക വ്യാപാരിയുടെ വീട്ടിൽ നിന്ന് മുമ്പും അടയ്ക്ക മോഷണം പോയിരുന്നു. തുടർന്നാണ് വീട്ടിൽ സിസിടിവി സ്ഥാപിച്ചത്. ഇന്ന് പുലർച്ചെ സിസി‌ടിവിയിൽ സന്തോഷ് അടയ്ക്ക മോഷ്ടിക്കുന്നത് കണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. തുടർന്ന് അയൽക്കാരെ വിവരം അറിയിച്ചു. അയൽക്കാരും നാട്ടുകാരുമെത്തി സന്തോഷിനെ പിടികൂടി കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സന്തോഷിനെ കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്. അഞ്ചുപേരാണ് സന്തോഷിനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഇതിൽ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. മർദ്ദനത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സന്തോഷ് അപകടനില തരണം ചെയ്തി‌ട്ടില്ലെന്ന് അധികൃതർ അറിയിച്ചു. 

ഒരാളോടും ഇങ്ങനെ ക്രൂരത ചെയ്യരുതെന്ന് സന്തോഷിന്റെ സഹോദരൻ രതീഷ് പറഞ്ഞു. ചേട്ടൻ അതീവ ഗുരുതരവസ്ഥയിലാണ്. വിവാഹ നിശ്ചയം കഴിഞ്ഞയാളാണ്. വിഷുക്കൈനീട്ടം വാങ്ങാൻ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സഹോദരൻ പ്രതികരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group