Join News @ Iritty Whats App Group

വന്ദേഭാരത്‌ വന്നാലും വേഗമുണ്ടാകില്ല


വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ സര്‍വീസ് ആരംഭിച്ചാലും അതിന്റെ നിശ്ചിത വേഗത്തില്‍ ഓടാനാകില്ല.

കേരളത്തിലെ പാളങ്ങളിലെ വളവുകളും നിലവിലുള്ള വേഗനിയന്ത്രണവുമാണ് കാരണം. 75 കിലോമീറ്ററായിരിക്കും ശരാശരി വേഗമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. 110 കിലോമീറ്ററെങ്കിലും വേഗം കൈവരിക്കണമെങ്കില്‍ സെമി ഹൈസ്പീഡ് ട്രാക്ക് നിര്‍മിക്കണം. അത് ഉടന്‍ സാധിക്കില്ല. ട്രെയിന്‍ വന്നാല്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള കോച്ചുകളില്‍ യാത്ര ചെയ്യാമെന്നതുമാത്രമാണ് മെച്ചം. ഫലത്തില്‍ കുറഞ്ഞ വേഗത്തിന് യാത്രക്കാര്‍ ഉയര്‍ന്ന തുക ടിക്കറ്റ്ചാര്‍ജ് നല്‍കേണ്ടി വരും.
വന്ദേഭാരത് എക്സ്പ്രസിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരികയാണ്. ദക്ഷിണേന്ത്യയില്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിക്കാത്ത ഏകസംസ്ഥാനം കേരളമാണ്. 

180 കിലോമീറ്ററാണ് വന്ദേഭാരതിന് നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗം. എന്നാല്‍, ഇന്ത്യയില്‍ ഒരിടത്തും ഈ വേഗത്തില്‍ ഓടുന്നില്ല. 110 മുതല്‍ 130 കിലോമീറ്ററാണ് വേഗം. കൊല്ലം, കോട്ടയം, എറണാകുളം, ഷൊര്‍ണൂര്‍, കോഴിക്കോട് യാര്‍ഡുകളില്‍ 15 കിലോമീറ്ററാണ് ട്രെയിനുകളുടെ പരമാവധി വേഗം. തിരുവനന്തപുരം–-കായംകുളം പാതയില്‍ 90, കായംകുളം–-കോട്ടയം–-എറണാകുളം 90, കായംകുളം–-അമ്ബലപ്പുഴ 100, അമ്ബലപ്പുഴ–-തുറവൂര്‍ 90, തുറവൂര്‍–-എറണാകുളം 80, അരൂര്‍ റെയില്‍വേ പാലം 60, എറണാകുളം–-ഷൊര്‍ണൂര്‍ 90 (ആലുവ ഭാഗത്ത് 30) കിലോമീറ്റര്‍വീതമാണ് റെയില്‍വേയുടെ സ്ഥിരം വേഗനിയന്ത്രണമുള്ളത്. ട്രാക്കുകളുടെ ഉപയോഗം അടക്കം ഒട്ടേറെ സാങ്കേതികവസ്തുതകള്‍ പരിഗണിച്ചാണ് വേഗം നിശ്ചയിച്ചിട്ടുള്ളത്. ഇതുകൂടാതെ പാതയില്‍ 36 ശതമാനത്തിലേറെ വളവുകളുമുണ്ട്. ഇത് രണ്ടും കണക്കിലെടുക്കുമ്ബോള്‍ വന്ദേഭാരതിന് കേരളത്തില്‍ ഒരിക്കലും 75 കിലോമീറ്ററില്‍ കൂടുതല്‍ ശരാശരി വേഗം കൈവരിക്കാനാകില്ല. 

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തി സൗകര്യങ്ങള്‍ വിലയിരുത്തി. മൂന്ന് ദിവസം മുന്‍പ് പാലക്കാട് കണ്ണൂര്‍ റൂട്ടിലും വ്യാഴാഴ്ച തിരുവനന്തപുരം കണ്ണൂര്‍ റൂട്ടിലും വേഗത പരിശോധിക്കാന്‍ എന്‍ജിനില്‍ കോച്ച്‌ ഘടിപ്പിച്ച്‌ പരീക്ഷണ ഓട്ടം നടത്തി. കൊച്ചുവേളിയിലായിരിക്കും വന്ദേഭാരതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുക.

Post a Comment

أحدث أقدم
Join Our Whats App Group