ന്യൂഡൽഹി: എൻസിപി, തൃണമൂൽ, സിപിഐ പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതേസമയം ആം ആദ്മി പാർട്ടിയെ (എഎപി) തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി “ദേശീയ പാർട്ടി” ആയി അംഗീകരിച്ചു.
ലോക് ജനശക്തി പാർട്ടി (രാം വിലാസ്) നാഗാലാൻഡിലും തിപ്ര മോത ത്രിപുരയിലും സംസ്ഥാന പാർട്ടിയായും അംഗീകാരം നേടി. മറുവശത്ത്, ഭാരത് രാഷ്ട്ര സമിതിയെ (ബിആർഎസ്) ആന്ധ്രാപ്രദേശിൽ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചില്ല.
ഒരു പാർട്ടിക്ക് ദേശീയ പാർട്ടിയാകാൻ നാല് സംസ്ഥാനങ്ങളിലായി ആറ് ശതമാനം വോട്ട് വേണം. ഡൽഹി, പഞ്ചാബ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഇതിനകം തന്നെ സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ഇത്തവണ ആം ആദ്മി പാർട്ടിയെ ദേശീയ പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചത്.
ദേശീയ പാർട്ടി പദവി ലഭിച്ചതിന് പിന്നാലെ എഎപി രാജ്യസഭാ എംപി രാഘവ് ഛദ്ദ പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ചു. “വലിയ പാർട്ടികൾക്ക് പതിറ്റാണ്ടുകൾ എടുത്തത് വെറും 10 വർഷം കൊണ്ട് അരവിന്ദ് കെജ്രിവാൾ ജിയുടെ പാർട്ടി ചെയ്തു. ഈ പാർട്ടിക്ക് വേണ്ടി രക്തവും വിയർപ്പും ഒഴുക്കി ലാത്തിയും കണ്ണീർ വാതകവും ജലപീരങ്കിയും ഏറ്റുവാങ്ങിയ ഓരോ ആം ആദ്മി പാർട്ടി പ്രവർത്തകനും സല്യൂട്ട്. ഈ പുതിയ തുടക്കത്തിന് എല്ലാവർക്കും അഭിനന്ദനങ്ങൾ,” അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി അഞ്ച് സീറ്റുകൾ നേടുകയും അതിന്റെ സ്ഥാനാർത്ഥികൾ 12.92% വോട്ടുകൾ നേടുകയും സംസ്ഥാന പാർട്ടിയായി മാറുകയും ചെയ്തിരുന്നു.
ദേശീയ പാർട്ടി പദവി ലഭിക്കുന്നത് എങ്ങനെ?
1. കുറഞ്ഞത് മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നെങ്കിലും പാർട്ടി ലോക്സഭയിൽ 2% സീറ്റുകൾ നേടണം
2. ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ ഉള്ള ഒരു പൊതു തിരഞ്ഞെടുപ്പിൽ, ഏതെങ്കിലും നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ പാർട്ടി 6% വോട്ടുകൾ നേടുകയും കൂടാതെ നാല് ലോക്‌സഭാ സീറ്റുകൾ നേടുകയും ചെയ്യണം.
3. പാർട്ടിക്ക് നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി എന്ന അംഗീകാരം ലഭിക്കണം.
إرسال تعليق