നര്‍മ്മദാ നദിയുടെ മുകളിലൂടെ നടന്ന ഒരു സ്ത്രീയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നര്‍മ്മദാ ദേവി’യുടെ അവതാരമാണെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പ്രചരിച്ചിരുന്നത്. ഇവരെ കാണാനും ജനങ്ങൾ വന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.
ഒരു സ്ത്രീ നര്‍മ്മദാ നദിയുടെ തീരത്തിന് ഏതാണ്ട് സമീപത്തായി നടക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇവര്‍ നദിയിലൂടെ നടക്കുമ്പോള്‍ നദിയുടെ കരയിലൂടെ സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയൊരു ജനാവലി അവരെ പിന്തുടരുന്നുണ്ടായിരുന്നു. സംഭവത്തിൻറെ ദൃശ്യങ്ങൾ ‘മാ നര്‍മ്മദാ’ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് പ്രദേശവാസികള്‍ പങ്കുവച്ചത്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവരെ കാണാനും അനുഗ്രഹം വാങ്ങാനുമായി ഭക്തരുടെ പ്രവാഹമായി. പൊലീസെത്തി ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ട അവസ്ഥവരെയെത്തിയിരുന്നു. തുടർന്ന് പൊലീസ് സംഭവത്തെക്കുറിച്ച് വ്യാപകമായി അന്വേഷണം നടത്തിയതിൽ നിന്നാണ് സത്യാവസ്ഥ പുറത്തായത്.
വേലിയിറക്ക സമയമായതിനാല്‍ നദിയില്‍ വെള്ളം കുറഞ്ഞിരുന്നു. ഈ സമയം ആഴം കുറഞ്ഞ നദിയില്‍ കൂടി ജ്യോതി രഘുവംശം നടന്നപ്പോള്‍ കരയില്‍ നിന്നവര്‍ക്ക് അവര്‍ വെള്ളത്തിലൂടെ നടക്കുന്നതായി തോന്നുകയായിരുന്നു.
നർമ്മദാപുരം സ്വദേശിയായ ജ്യോതി രഘുവംശി എന്ന സ്ത്രീയാണ് നദിയിലൂടെ നടന്നതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പത്ത് മാസം മുൻപ് ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നൽകിയിരുന്നു. ജ്യോതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞു.
إرسال تعليق