Join News @ Iritty Whats App Group

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയത് അധോലോക നായകൻ രവി പൂജാരിയുടെ സംഘമെന്ന് സൂചന






കൊച്ചി: താമരശ്ശേരിയിലെ പ്രവാസി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയത് അധോലോക നായകൻ രവി പൂജാരിയുടെ സംഘമെന്ന് സൂചന. രവി പൂജാരിയുടെ സംഘത്തിലുള്ള മോനായി എന്ന നിസാം സലീമിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിലെ പിടികിട്ടാപ്പുള്ളിയായ നിസാം സലിം വിദേശത്തേക്ക് കടന്നിരുന്നു. വിദേശത്തുനിന്നാണ് ഇയാൾ ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നത് എന്നാണ് വിവരം. നേരത്തെ അജ്ഞാത കേന്ദ്രത്തിലുള്ള ഷാഫിയുടെ രണ്ട് വീഡിയോ സന്ദേശങ്ങൾ പുറത്തു വന്നിരുന്നു.

ഷാഫിയെ തടങ്കലിൽ വച്ചിരിക്കുന്ന അജ്ഞാത കേന്ദ്രം കാസര്‍കോട് ജില്ലയിലെന്നാണ് പൊലീസിന് സൂചന. കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പേർ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. ഷാഫിയെ താമസിപ്പിച്ചിരിക്കുന്നത് കർണാടക അതിര്‍ത്തിയില്‍ മഞ്ചേശ്വരത്തിനടുത്താ​ണെന്ന് പൊലീസിന് സൂചന ലഭിച്ചു. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാര്‍ ഈ ഭാഗത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.

80 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം ഷാഫിയും സഹോദരനും കടത്തിയിരുന്നു. ഇതിന്റെ വിഹിതം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് സൂചന. സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വര്‍ണ്ണം താനും സഹോദരനും കടത്തിയിരുന്നെന്ന് ന്യൂസ് 18 ന് ലഭിച്ച വീഡിയോ സന്ദേശത്തിൽ ഷാഫി വ്യക്തമാക്കിയിരുന്നു.
താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി ഷാഫി, ഭാര്യ സനിയ എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അജ്ഞാത സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. ഭാര്യയെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. അതേസമയം അജ്ഞാത സംഘം ഷാഫിയുടെ കുടുംബത്തെ നിരന്തരമായി ഫോണില്‍ ബന്ധപ്പെടുന്നതായാണ് വിവരം.
തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും കുടുംബാംഗങ്ങള്‍ മറച്ചുവെയ്ക്കുന്നതിനാല്‍ അന്വേഷണം സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പൊലീസ് പറയുന്നു. ഷാഫിയുടെ ഫോണ്‍ ലൊക്കേറ്റ് ചെയ്തതായും വിവരമുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group