ഒരു അമ്മക്ക് തന്റെ മക്കളോടുള്ള സ്‌നേഹത്തിന് അതിരുകളില്ല. തന്റെ കുട്ടിക്ക് വേണ്ടതെല്ലാം നല്‍കാന്‍ അമ്മ എന്തും സഹിക്കും. എന്നാല്‍ ഇതിന് വിപരീതമായി കുട്ടികളെ ഉപേക്ഷിക്കുന്ന അമ്മമാരെക്കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. അത്തരമൊരു സംഭവമാണ് അമേരിക്കയിലെ ടെക്‌സസില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ചില്‍ കാണാതായ നോയല്‍ റോഡ്രിഗസ് അല്‍വാരസ് എന്ന ആറുവയസ്സുകാരനെ സ്വന്തം അമ്മ സൂപ്പര്‍മാര്‍ക്കറ്റിൽ വച്ച് ഒരു സ്ത്രീക്ക് വിറ്റതായാണ് റിപ്പോര്‍ട്ട്.
കുട്ടി ഉപദ്രവകാരിയും പ്രേതബാധയുള്ളവനുമാണെന്നാണ് അമ്മ സിനി റോഡ്രിഗസ് സിംഗ് ബന്ധുക്കളോടും മറ്റും പറഞ്ഞിരുന്നത്. അവന്‍ തന്റെ ഇരട്ടകുട്ടികളെ ഉപദ്രവിക്കുമെന്ന് പേടിയുണ്ടിയിരുന്നുവെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. മകനെ കാണാതായതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, കുട്ടി അവന്റെ സ്വന്തം പിതാവിനൊപ്പമാണെന്നാണ് താന്‍ കരുതിയതെന്ന് അവര്‍ പറഞ്ഞു.
എന്നാല്‍ കുട്ടിയെ അമ്മ സൂപ്പര്‍മാര്‍ക്കറ്റില്‍ വിറ്റതായി ഇവരുടെ അടുത്ത ബന്ധു വെളിപ്പെടുത്തി. അമ്മ സിനി, നോയലിനോട് മോശമായി പെരുമാറുകയും കുട്ടിയെ അവഗണിച്ചിരുന്നതായും ബന്ധുക്കള്‍ക്ക് അറിയാമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഡയപ്പറുകള്‍ ഇടക്കിടെ നനയുന്നതിനെ തുടര്‍ന്ന് കുട്ടി വെള്ളം കുടിക്കുമ്പോള്‍ പോലും സിനി അവനെ അടിക്കുന്നത് പതിവായിരുന്നു. ഇടക്കിടെ വസ്ത്രം മാറ്റാന്‍ പറ്റില്ലാത്തതിനാല്‍ അവര്‍ കുട്ടിക്ക് ഭക്ഷണവും വെള്ളവും പോലും നല്‍കിയിരുന്നില്ല.
ടെക്സാസിലെ എവര്‍മാനില്‍ അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ക്ഷീണിച്ച് അവശനായിരുന്ന നിലയില്‍ 2022 ഒക്ടോബറിലാണ് കുട്ടിയെ ബന്ധുക്കള്‍ അവസാനമായി കണ്ടത്. ഇതേ സമയത്താണ് അവന്റെ അമ്മ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
2023 മാര്‍ച്ചിലാണ് നോയലിനെ കാണാതായതായി ഇവര്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കുട്ടിയെ 2022 മുതല്‍ കാണാതായതായി ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസിന് സൂചന ലഭിച്ചിരുന്നു. അതേസമയം, നോയല്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും പോലീസ് വ്യക്തമാക്കി.
കുട്ടിയെ കാണാതായി രണ്ട് ദിവസത്തിന് ശേഷം ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ നിന്ന് നോയലിന്റെ അമ്മയും രണ്ടാനച്ഛനും ആറ് കുട്ടികളുമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കുട്ടിയെ ഉപേക്ഷിച്ചതിനും അപായപ്പെടുത്തിയതിനും കേസ് എടുത്തിരിക്കുകയാണ്. അവരെ യുഎസിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ടെക്‌സസ് പോലീസ്. ദമ്പതികള്‍ ഇപ്പോഴും ഇന്ത്യയിലാണെന്നാണ് പോലീസ് കരുതുന്നത്.
إرسال تعليق