Join News @ Iritty Whats App Group

സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായി ഷാഫിക്ക് ബന്ധമെന്ന് മൊഴി, അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതെങ്ങോട്ട് ? അന്വേഷണം


കോഴിക്കോട് : താമരശ്ശേരിയിൽ പ്രവാസി യുവാവ് ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സ്വർണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം. സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായി ഷാഫിക്ക് ബന്ധമുണ്ടെന്ന് കസ്റ്റഡിയിലുളളവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അന്വേഷണ പുരോഗതി വിലയിരുത്താൻ ഉത്തരമേഖല ഡിഐജി താമരശ്ശേരിയിലെത്തി. 

കഴിഞ്ഞ ഏഴാംതീയതി രാത്രി 9 മണിയോടെയാണ് തോക്കടക്കമുള്ള ആയുധങ്ങളുമായി കാറിലെത്തിയ അജ്ഞാത സംഘം പരപ്പൻപൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ട് പോയത്. മൊബൈൽ ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും ഒരു ദിവസത്തിനിപ്പുറവും ഷാഫിയെ കണ്ടെത്താനായിട്ടില്ല. ദുബായിൽ നടന്ന സാമ്പത്തിക ഇടപാട് കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം. ഇതിലുൾപ്പെട്ട മൂന്ന് പേരെ ചോദ്യം ചെയ്തിരുന്നു. പൂനൂർ സ്വദേശിയായ യുവാവിന്റയും ഷാഫിയുടെയും മൊബൈൽ ഫോണുകൾ ഒരേ ടവർ ലൊക്കേഷനിൽ സ്വിച്ച് ഓഫ് ആയതായും പൊലീസ് കണ്ടെത്തിയിരുന്നു. 

ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് സ്വർണക്കടത്ത് സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഫൊറൻസിക് വിദഗ്ധരടക്കമുള്ള സംഘം ഷാഫിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ സ്വർണക്കടത്ത് സൂചന ലഭിച്ചതോടെ അന്വേഷണം കൂടുതൽ ഊർജിതമാക്കുകയാണ് പൊലീസ്.

Post a Comment

أحدث أقدم
Join Our Whats App Group