Join News @ Iritty Whats App Group

നടൻ മാമുക്കോയയ്ക്ക് വിട; കബറടക്കം നാളെ


കോഴിക്കോട്: നടൻ മാമുക്കോയയ്ക്ക് വിട നൽകാൻ സാംസ്ക്കാരിക കേരളം. കബറടക്കം വ്യാഴാഴ്ച രാവിലെ 10ന് നടത്തും. ദേഹാസ്വാസ്ഥ്യത്തെ തുർന്ന് ചികിത്സയിലായിരുന്ന മാമുക്കോയ ഇന്ന് ഉച്ചയ്ക്ക് 1.05നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

1946 ജൂലായ് 5ന് കോഴിക്കോടാണ് മാമുക്കോയയുടെ ജനനം. വിദ്യാര്‍ത്ഥി ആയിരിക്കെ നാടകത്തിലൂടെ കലാരംഗത്ത് സജീവമായി. നാടകത്തിലൂടെയാണ് മാമുക്കോയ സിനിമയിലേക്ക് എത്തുന്നത്. 1979ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് സിബി മലയില്‍ സംവിധാനം ചെയ‌്ത ദൂരെ ദൂരെ ഒരു കൂട്ടാം എന്ന ചിത്രത്തിലെ അഭിനയമാണ് മാമുക്കോയയ്ക്ക് കരിയർ ബ്രേക്ക് നൽകിയത്. മോഹൻലാൽ കേന്ദ്രകഥാപാത്രമായ ഈ ചിത്രത്തിലെ അറബിക് മുൻഷി വേഷമാണ് മാമുക്കോയയെ ശ്രദ്ധേയനാക്കിയത്. പിന്നീട് മലയാള സിനിമകളിലെ സ്ഥിരം ഹാസ്യചേരുവയായി മാമുക്കോയ മാറുകയായിരുന്നു.

റാംജി റാവ് സ്പീക്കിംഗ് എന്ന സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ കന്നിചിത്രത്തിലെ ഹംസക്കോയ എന്ന കഥാപാത്രം വൻ ഹിറ്റായി. ഇതിലെ ബാലര്‍ഷ്‌ണാ…എന്ന ഡയലോഗ് ഇപ്പോഴും യുവതലമുറ ട്രോളുകളിലും മീമുകളിലും ആഘോഷിക്കുന്ന ഒന്നാണ്.

നാടോടിക്കാറ്റിലെ ഗഫൂര്‍, സന്ദേശത്തിലെ എ. കെ പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍ മാമ, വെട്ടത്തിലെ ഹംസക്കോയ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദന്‍ മേസ്‌തിരി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഹിറ്റ് കഥാപാത്രങ്ങളെയാണ് മാമുക്കോയ മലയാളിപ്രേക്ഷകർക്ക് സമ്മാനിച്ചത്.

ഇതുകൂടാതെ നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ നമ്പീശന്‍, കളിക്കളത്തിലെ പൊലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്ബ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ എന്നിവയെല്ലാം മാമുക്കോയയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. കോഴിക്കോടൻ ശൈലിയിലുള്ള സംഭാഷണരീതിയും ഹാസ്യവുമാണ് മാമുക്കോയയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റിയത്.

2001 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ്, ഇ.എം അഷ്‌റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങള്‍.

പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ കുറച്ചുകാലമായി തൊണ്ടയിൽ ബാധിച്ച അർബുദത്തിന് ചികിത്സയിലായിരുന്നു മാമുക്കോയ. 33 റേഡിയേഷനും ആറു കീമോതെറാപ്പിക്കും വിധേയനായി ചികിത്സ തുടരുകയായിരുന്നു. നമുക്ക് അസുഖം വരുമെന്നും അപ്പോള്‍ നിലവിളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞിട്ടുള്ള മാമുക്കോയ, പ്രതിസന്ധികളെ അതിജീവിക്കണമെന്നും മാനസികാവസ്ഥയാണ് പ്രധാനമെന്നും അടിയുറച്ച്‌ വിശ്വസിച്ചു. അഷ്റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്ന്.

അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ഈ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയാണ് മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗം.

സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.

Post a Comment

أحدث أقدم
Join Our Whats App Group