കോഴിക്കോട്: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള വിവാദമായ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റ്‌സ് കമ്പനി ഏറ്റെടുത്തു. കമ്പനി ശനിയാഴ്ചയാണ് കരാര്‍ ഒപ്പിട്ടത്. മൂന്നു വര്‍ഷത്തേക്കാണ് നടത്തിപ്പ് ചുമതല കൈമാറിയത്. ഓഹരി കൈമാറ്റം പിന്നീട് നടക്കും.
ഇതു സംബന്ധിച്ച് കരാർ ഈ മാസം പതിനഞ്ചിനാണ് ഒപ്പിട്ടത്.രാഷ്ട്രീയ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ വൈദേകത്തിലെ ഓഹരികൾ വിറ്റഴിക്കാനും ഇ പിയുടെ കുടുംബം തീരുമാനിച്ചിരുന്നു. പി.ജയരാജന്‍ പാര്‍ട്ടിയില്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് വൈദേകം റിസോര്‍ട്ടിലെ ഇ.പി.ജയരാജന്‍റെ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം വിവാദത്തിലാവുന്നത്.
കണ്ണൂര്‍ ആയുര്‍വേദിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും റിസോര്‍ട്ടും ആയുര്‍വേദ ആശുപത്രിയും ഉള്‍പ്പെടുന്ന സ്ഥാപനമാണ് നിലവില്‍ കൈമാറ്റം ചെയ്തിരിക്കുന്നത്. നിലവില്‍ സ്ഥാപനത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം നിരാമയ ഏറ്റെടുത്തിട്ടുണ്ട്. നടത്തിപ്പ് ചുമതല മാറുന്നുണ്ടെങ്കിലും നിലവിലെ ഷെയര്‍ ഹോള്‍ഡേഴ്‌സും ഡയറക്ടര്‍മാരും സമാനരീതിയില്‍ തന്നെ അവരുടെ അവര്‍ക്കുള്ള ഓഹരി പങ്കാളിത്തം തുടരും.
നേരത്തേ വൈദേകം റിസോർട്ട് ഏറ്റെടുക്കുന്നതായ റിപ്പോർട്ട് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ നിഷേധിച്ചിരുന്നു. കണ്ണൂരിലെ റിസോർട്ട് വിൽപനയുമായി തന്നെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാർത്തകൾ തികച്ചും അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്ന് അദ്ദേഹം ട്വിറ്റില്‍ കുറിച്ചിരുന്നു.
Ads by Google
إرسال تعليق