Join News @ Iritty Whats App Group

'കൈക്ക് പൊട്ടലില്ല'; പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം, എംവി ഗോവിന്ദനും സച്ചിൻ ദേവിനും വക്കീൽ നോട്ടീസ്


തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സച്ചിൻ ദേവ് എം.എൽ.എയ്ക്കും വക്കീല്‍ നോട്ടീസയച്ച് ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമ. നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തില്‍ തന്‍റെ കൈ ഒടിഞ്ഞതുമായി ബന്ധപ്പെട്ട് അപകീർത്തി പ്രചാരണം നടത്തിയതിന് ആരോപിച്ചാണ് നോട്ടീസ്. സിപിഎം മുഖപത്രം ദേശാഭിമാനിക്കും രമ നോട്ടീസ് അയച്ചിട്ടുണ്ട്. 

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി നൽകുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്ന് രമ വ്യക്തമാക്കി. രമയുടെ കൈക്ക് പരിക്കില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റ് കൈക്ക് പൊട്ടലിന് ചികിത്സ തേടിയപ്പോഴായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയും സച്ചിൻ ദേവ് എംഎല്‍എയുമടക്കം രമയ്ക്കെതിരെ രംഗത്ത് വന്നത്. ഇരുവരുടെയും പ്രസ്താവന തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും, മാപ്പ് പറയാത്ത പക്ഷം മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും കെ കെ രമ വക്കീല്‍ നോട്ടീസില്‍ പറയുന്നു.

സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിൽ കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. പരിക്ക് വ്യാജമാണെന്ന രീതിയിൽ രമക്കെതിരെ വ്യാജ എക്സ് റേ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് സൈബർ ആക്രമണവും നടന്നിരുന്നു. സംഘർഷമുണ്ടായ ബുധനാഴ്ച രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻദേവ് പോസ്റ്റിട്ടിരുന്നു. പിന്നാലെ വ്യാജ പ്രചാരണം നടത്തിയതിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ കെ രമ സ്പീക്കർക്കും സൈബർ പൊലീസിനും പരാതി നൽകി. സച്ചിൻ ദേവിന്‍റെ പോസ്റ്റാണ് തനിക്കെതിരായ സൈബർ ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് രമയുടെ പരാതി. പല സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ചേർത്ത് വ്യാജവാർത്ത നിർമ്മിച്ച് അപമാനിക്കാൻ സച്ചിൻ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.\

Post a Comment

أحدث أقدم
Join Our Whats App Group