Join News @ Iritty Whats App Group

അഴിമതിയും കുടുംബാധിപത്യവും ഒരേ നാണയത്തിന്‍റെ രണ്ട് വശം: പ്രധാനമന്ത്രി നരേന്ദ്ര മോദി


ഹൈദരാബാദ്: അഴിമതിയും കുടുംബാധിപത്യവും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിൽ ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാന ഭരിക്കുന്ന കെസിആറിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് പാർടി ഭരണത്തെ രൂക്ഷമായി വിമർശിച്ചാണ് അദ്ദേഹം സംസാരിച്ചത്.

സംസ്ഥാനസർക്കാരിന്‍റെ നിസ്സഹകരണം മൂലം പല പദ്ധതികളും വൈകുന്നുവെന്ന് മോദി കുറ്റപ്പെടുത്തി. ഇതിൽ നഷ്ടം തെലങ്കാനയിലെ ജനങ്ങൾക്കാണ്. ജനങ്ങൾക്ക് വേണ്ടി വികസന പദ്ധതികൾക്കായി കേന്ദ്ര സർക്കാരുമായി സംസ്ഥാനം സഹകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. കുടുംബാധിപത്യത്തിൽ വിശ്വസിക്കുന്ന ചിലർ സംസ്ഥാനത്തിന്‍റെ വികസനത്തിന് വിലങ്ങുതടിയാകുന്നുവെന്ന് കെസിആറിനെ പരോക്ഷമായി വിമർശിച്ച് നരേന്ദ്ര മോദി പറഞ്ഞു. ഇവർ സ്വന്തം കുടുംബത്തിന്‍റെ ലാഭം മാത്രമാണ് നോക്കുക. തെലങ്കാന ഇത്തരം രാഷ്ട്രീയക്കാരിൽ നിന്ന് അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം സ്വന്തം നിയന്ത്രണത്തിൽ വരണമെന്നാണ് കുടുംബാധിപത്യവാദികൾ കരുതുക. സബ്‍സിഡികളുടെ നേരിട്ടുള്ള കൈമാറ്റം എൻഡിഎ സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റമാണ്. നേരത്തേ ഇത് നടപ്പാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച അദ്ദേഹം കുടുംബാധിപത്യശക്തികൾ ഈ പണം മുഴുവൻ വിഴുങ്ങുകയായിരുന്നുവെന്നും പറഞ്ഞു.

സെക്കന്തരാബാദ് - തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് രണ്ട് ദിവസത്തെ ദക്ഷിണേന്ത്യൻ പര്യടനം പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയത്. തെലങ്കാന, തമിഴ്‌നാട്, ക‍ർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നും നാളെയുമായി മോദി എത്തുന്നത്. 11,300 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തെലങ്കാനയിൽ തുടക്കം കുറിച്ചത്. തെലങ്കാനയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ആറ് ദേശീയ പാതാ പദ്ധതികളുടെ ഭൂമി പൂജയും മോദി നിർവഹിച്ചു. 7864 കോടി രൂപയുടെ പദ്ധതിയാണ് ഇത്. എന്നാൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു മോദിയുടെ എല്ലാ പരിപാടികളിൽ നിന്നും വിട്ടു നിന്നു. ബെഗംപേട്ട് വിമാനത്താവളത്തിൽ വന്നിറങ്ങിയ മോദിയെ സ്വീകരിക്കാനും കെസിആർ എത്തിയില്ല. സെക്കന്തരാബാദിലും ഹൈദരാബാദിലും മോദിയുടെ സന്ദർശനത്തിനെതിരെ ബിആർഎസ് പ്രവർത്തകർ വഴി നീളെ ഫ്ലക്സുകൾ ഉയർത്തി.

തമിഴ്നാട്ടിലും പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. കോൺഗ്രസിന്റേയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധങ്ങൾ നടന്നത്. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ചെന്നെ വള്ളുവർകോട്ടം കേന്ദ്രീകരിച്ച് വൻ പ്രതിഷേധം സംഘടിപ്പിച്ചു. കറുത്ത വസ്ത്രങ്ങളണിഞ്ഞ് കരിങ്കൊടികളുമായാണ് പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്. ഡിഎംകെയും മറ്റ് ഭരണ മുന്നണി കക്ഷികളും കോൺഗ്രസ് പ്രത്യക്ഷ പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ല. ദ്രാവിഡർ കഴകം, മെയ് 17 ഇയക്കം തുടങ്ങിയ സംഘടനകളും ഗോബാക്ക് മോദി മുദ്രാവാക്യങ്ങളുമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. #gobackmodi എന്ന ഹാഷ്ടാഗിൽ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group