Join News @ Iritty Whats App Group

'എല്ലാവർക്കും കാറ് വാങ്ങാൻ പാങ്ങില്ല; നിയമം നടപ്പിലാക്കുന്നവര്‍ക്ക് ചിലപ്പോള്‍ കാര്‍ വാങ്ങാന്‍ പൈസ ഉണ്ടാകും': ഗണേഷ് കുമാർ


തിരുവനന്തപുരം: കേരളത്തിലെ പൊതു നിരത്തുകളില്‍ എ ഐ ക്യാമറകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ദമ്പതികളോടൊപ്പം കുഞ്ഞിനെ കൊണ്ട് പോകുന്നതിന് പിഴ ചുമത്താനുള്ള തീരുമാനം പൊതുജനങ്ങളെ ദ്രോഹിക്കുന്നതിന് തുല്യമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നിയമം നടപ്പിലാക്കുന്നവരുടെ കൈയില്‍ കാറ് വാങ്ങാനുള്ള പൈസ കാണുമെന്നും എന്നാല്‍ സാധാരണക്കാര്‍ക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് വേണ്ടിയാണ് നിയമങ്ങള്‍ നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഭാര്യയും ഭര്‍ത്താവും രണ്ടു കുഞ്ഞുങ്ങളുമുള്ള ചില കുടുംബത്തിന് ഒരു കാറ് വാങ്ങാനുള്ള പാങ്ങൊന്നും ഉണ്ടായെന്ന് വരില്ല. അവര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി അവര്‍ ഒരു സ്‌കൂട്ടര്‍ വാങ്ങി ഇടും. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒപ്പം കുഞ്ഞിനെ മുന്നിലോ ഇടയിലോ വെച്ചുകൊണ്ട് പോകുന്നതിനെ എതിര്‍ത്ത് ഫൈന്‍ അടിക്കുന്നത് ദ്രോഹമാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്.

എന്റെ അഭിപ്രായം ഞാന്‍ എല്ലായിടത്തും പറയും. കുഞ്ഞിനെ ചാക്കില്‍ കയറ്റിയിട്ട് കൊണ്ട് പോകുന്ന ട്രോളൊക്കെ നമ്മള്‍ കണ്ടതാണ്. നിയമങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടി ആകണം. കുഞ്ഞുങ്ങള്‍ ഹെല്‍മറ്റ് വയ്ക്കട്ടെ. ഞാന്‍ പല രാജ്യങ്ങളില്‍ സഞ്ചരിക്കാറുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കുഞ്ഞുങ്ങളെയും കൊണ്ട് ടൂ വീലറില്‍ പോകുന്നത് കണ്ടിട്ടില്ല.

ഇന്തോനേഷ്യയിലും മറ്റും ആളുകള്‍ സ്‌കൂട്ടര്‍ ആണ് ഉപയോഗിക്കുന്നത്. അവര്‍ എല്ലാം ഹെല്‍മെറ്റ് വച്ചാണ് സ്‌കൂട്ടര്‍ ഓടിക്കുന്നത്, അതില്‍ ഏതു കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്. ഹെല്‍മെറ്റ് ഇടാത്തവര്‍ മരിച്ചിട്ടുണ്ട്, ഓവര്‍ സ്പീഡുകൊണ്ട് മരിച്ചിട്ടുണ്ട്, സര്‍ക്കസ് കാണിച്ചവന്മാര്‍ മരിച്ചിട്ടുണ്ട് അതൊക്കെ ശരിയാണ്.

പക്ഷേ നമ്മുടെ മുന്നില്‍ ഇരുത്തി കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഓടിച്ചുപോകുമ്പോള്‍ അവരെ ശിക്ഷിക്കുന്നത് ശരിയല്ല, നമുക്കെല്ലാം കാറ് വാങ്ങാന്‍ പാങ്ങില്ല, നടപ്പിലാക്കുന്നവര്‍ക്ക് ചിലപ്പോള്‍ കാര്‍ വാങ്ങാന്‍ പൈസ ഉണ്ടാകും, സാധാരണക്കാര്‍ക്ക് അതില്ല എന്ന് ഞാന്‍ ഈ അവസരത്തില്‍ ഓര്‍മിപ്പിക്കുകയാണ്” ഗണേഷ് കുമാര്‍ പറഞ്ഞു.

എ ഐ ക്യാമറ സ്ഥാപിച്ചതിന് പിന്നിൽ അഴിമതി ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഭരണ കക്ഷി എംഎല്‍എ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം മോട്ടോര്‍ വാഹന വകുപ്പിന് പിന്നാലെ സംസ്ഥാനത്ത് എ.ഐ ക്യമാറകള്‍ സ്ഥാപിക്കുമെന്ന് പൊലീസ് വകുപ്പും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി 500 ക്യാമറകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കാനാണ് തീരുമാനമുള്ളത്. കെല്‍ട്രോണുമായി ചേര്‍ന്നാണ് ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group