കൊൽക്കത്ത: രാജ്യത്തെ നിയമ സംവിധാനത്തിൽ അസാധാരണ സംഭവങ്ങൾക്കാണ് ഇന്ന് കൊൽക്കത്ത ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി കണ്ടത്. സുപ്രീംകോടതിയിൽ തനിക്കെതിരെ വന്ന രേഖകൾ ഇന്ന് അർദ്ധരാത്രിക്ക് മുമ്പ് ഹാജരാക്കാൻ സുപ്രീംകോടതി സെക്രട്ടറി ജനറലിനോട് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ഉത്തരവിട്ടതോടെയാണ് സംഭവം തുടങ്ങിയത്. രേഖകൾ കിട്ടാൻ പുലർച്ചെ 12. 15 വരെ ചേംബറിൽ ഇരിക്കുമെന്നും ജഡ്ജി വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രത്യേക സിറ്റിംഗ് നടത്തി സുപ്രീം കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
കോടതികളിൽ നടന്നത്
പരിഗണനയിലുള്ള കേസിൽ താൻ അഭിമുഖം നല്കിയ വിഷയത്തിലെ രേഖകൾ ഹാജരാക്കാനാണ് കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യ ഉത്തരവിട്ടത്. താൻ നല്കിയ അഭിമുഖത്തിന്‍റെ തർജ്ജിമയും ഹൈക്കോടതി രജിസ്ട്രാർ നല്കിയ റിപ്പോർട്ടും ഹാജരാക്കണം എന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. രേഖകൾ കിട്ടാൻ പുലർച്ചെ 12.15 വരെ ചേംബറിൽ ഇരിക്കുമെന്നും ജഡ്ജി പറഞ്ഞു. പരിഗണനയിലുള്ള കേസിൽ അഭിമുഖം നല്കിയതിന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജസ്റ്റിസ് നേരത്തെ ഗംഗോപാദ്ധയയെ വിമർശിച്ചിരുന്നു. മമത ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജിക്കെതിരെ ഇ ഡി, സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട കേസാണ് ഇദ്ദേഹം പരിഗണിച്ചത്. പ്രൈമറി സ്കൂൾ അദ്ധ്യാപകരെ നിയമിച്ച കേസിൽ അഴിമതിയുണ്ടെന്നായിരുന്നു കേസ്. ഈ കേസ് മറ്റൊരു ജഡ്ജിക്ക് കൈമാറാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യ രേഖകൾ ഹാജരാക്കാൻ സുപ്രീംകോടതി സെക്രട്ടറി ജനറലിനോട് ഉത്തരവിട്ടത്. ഹൈക്കോടതി ജഡ്ജി സുപ്രീംകോടതി സെക്രട്ടറി ജനറലിന് ഇത്തരത്തിൽ ഉത്തരവ് നല്കുന്നത് അസാധാരണമാണ്.
ഇതിന് പിന്നാലെയാണ് സുപ്രീം കോടതി പ്രത്യേക സിറ്റിംഗ് നടത്തി ഉത്തരവിന് സ്റ്റേ പ്രഖ്യാപിച്ചത്. ജസ്റ്റിസുമാരായ എഎസ് ബോപ്പണ്ണ ഹിമ കോഹ്ലി എന്നിവർ പ്രത്യേക സിറ്റിംഗ് നടത്തിയാണ് സ്റ്റേ ഉത്തരവ് നല്കിയത്. കൽകട്ട ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവ് ശരിയായില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കുകയും ചെയ്തു.
إرسال تعليق