റായ്‌പുര്‍: ഹോംതിയറ്റര്‍ മ്യൂസിക് സിസ്‌റ്റം പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഹോംതിയേറ്റര്‍ സിസ്‌റ്റത്തിനുള്ളില്‍ സ്‌ഫോടക വസ്‌തുക്കള്‍ ഘടിപ്പിച്ച് വിവാഹസമ്മാനമായി നല്‍കിയ സര്‍ജു എന്നയാളെയാണ് പോലീസ് പിടികൂടിയത്. നവവധുവിന്റെ മുന്‍കാമുകനാണ് ഇയാളെന്നും കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ വിരോധമാണ് പ്രതിയെ കടുംകൈയ്‌ക്കു പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. ഛത്തീസ്‌ഗഡിലെ കബീര്‍ധാമില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
വിവാഹത്തിന് സമ്മാനമായി ലഭിച്ച ഹോംതിയേറ്റര്‍ സിസ്‌റ്റം പ്രവര്‍ത്തിപ്പിച്ചതോടെയുണ്ടായ പൊട്ടിത്തെറിയിലാണ് കബീര്‍ധാം സ്വദേശിയായ ഹേമേന്ദ്ര മെരാവി(22), സഹോദരന്‍ രാജ്‌കുമാര്‍ മെരാവി(30) എന്നിവര്‍ മരിച്ചത്. ഏപ്രില്‍ ഒന്നാം തീയതിയായിരുന്നു ഹേമേന്ദ്രയുടെ വിവാഹം. വിവാഹചടങ്ങിനിടെ ലഭിച്ച സമ്മാനമായിരുന്നു ഹോംതിയറ്റര്‍. എന്നാല്‍, കഴിഞ്ഞദിവസം ഇത് പ്രവര്‍ത്തിപ്പിച്ചതോടെ വന്‍ സ്‌ഫോടനമുണ്ടാവുകയായിരുന്നു. അപകടത്തില്‍ ഹേമേന്ദ്ര തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാജ്‌കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഒന്നരവയസുള്ള കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ക്ക് അപകടത്തില്‍ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
പൊട്ടിത്തെറിയില്‍ വീട്ടിലെ മുറിയിലെ ചുമരും മേല്‍ക്കൂരയും തകര്‍ന്നിരുന്നു. മാവോയിസ്‌റ്റ് ശക്‌തികേന്ദ്രമായ കബീര്‍ധാമിലുണ്ടായ സംഭവം അന്വേഷണ ഏജന്‍സികള്‍ ഗൗരവമായാണ് കണ്ടത്. തുടര്‍ന്ന് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഹോംതിയറ്റര്‍ സിസ്‌റ്റത്തിനുള്ളില്‍ സ്‌ഫോടകവസ്‌തുക്കള്‍ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. ഇതോടെ വിവാഹത്തിന് സമ്മാനം നല്‍കിയവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇതില്‍നിന്നാണ് നവവധുവിന്റെ മുന്‍കാമുകനാണ് ഹോംതിയറ്റര്‍ സമ്മാനിച്ചതെന്ന് വ്യക്‌തമായത്. തുടര്‍ന്ന് ഇയാളെ കസ്‌റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തതോടെ കുറ്റംസമ്മതിക്കുകയായിരുന്നു.
إرسال تعليق