Join News @ Iritty Whats App Group

കൈപ്പത്തിയിലെ മുറിവിന് ചികിത്സിച്ചു, ഡോക്ടറുടെ അശ്രദ്ധയിൽ പെണ്‍കുട്ടിക്ക് കൈവിരലുകളുടെ ചലനശേഷി നഷ്ടമായി; സംഭവം കൂത്തുപറമ്പിൽ


കണ്ണൂർ : കൈപ്പത്തിയിലെ മുറിവിന് ചികിത്സ തേടിയ പെണ്‍കുട്ടിക്ക് ഡോക്ടറുടെ അശ്രദ്ധ മൂലം കൈവിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഞരമ്പിന് മുറിവേറ്റത് അറിയാതെ മുറിവ് തുന്നിക്കൂട്ടിയത് മൂലമാണ് വിരലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടതെന്ന് പിന്നീട് ചികിത്സിച്ച ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.

വീടിന് സമീപത്ത് കളിക്കുന്നതിനിടയില്‍ കുപ്പിച്ചില്ലിന് മുകളിലേക്ക് വീണാണ് ശിവദയുടെ കൈ മുറിഞ്ഞത്. ഫെബ്രുവരി 24 നായിരുന്നു സംഭവം. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ കൈയില്‍ സ്റ്റിച്ചിട്ട ശേഷം വീട്ടിലേക്ക് വിട്ടു. പിന്നീട് അഞ്ച് തവണയാണ് ഇതേ ആശുപത്രിയില്‍ തുടർചികിത്സക്കായി എത്തിയത്. ഒരു മാസത്തിന് ശേഷം വിരലുകള്‍ക്ക് നീല നിറം ബാധിച്ചതോടെ കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് ഞരമ്പിന് മുറിവേറ്റുവെന്ന് മനസിലാക്കാതെ മുറിവ് തുന്നിച്ചേര്‍ക്കുകയാണ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ചെയ്തതെന്ന് അറിഞ്ഞത്.

അപ്പോഴേക്കും വിരലുകളുടെ ചലന ശേഷി നഷ്ടമായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. വിരലുകളുടെ ചലനശേഷി വീണ്ടെടുക്കാനായി കോഴിക്കോട് മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. കൂത്തു പറമ്പ് താലൂക്ക് ആശുപത്രി അധികൃതരുടെ അടുത്ത് പരാതിയുമായി എത്തിയപ്പോള്‍ ആദ്യം വീഴ്ച സമ്മതിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.

സംഭവത്തില്‍ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ വീണാ വിജയനെതിരെ അശ്രദ്ധമായി ചികിത്സ നടത്തിയതിന് കൂത്തു പറമ്പ് പൊലീസ് കേസെടുത്തു. എന്നാല്‍ കുട്ടിയെ ചികിത്സിച്ചതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും സ്റ്റിച്ചിട്ട ശേഷം വിരലുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നമുള്ളതായി പറഞ്ഞിരുന്നില്ലെന്നുമാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം.

Post a Comment

أحدث أقدم