കേരളം ഏറെക്കാലമായി കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാഥാർത്ഥ്യമായി. ട്രെയിനിന്റെ റേക്കുകൾ രാവിലെയോടെ പാലക്കാട് എത്തി. 16 ബോഗികളുള്ള വന്ദേഭാരത് എക്‌സ്പ്രസാണ് റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അധികൃതര്‍ക്ക് കൈമാറിയത്. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്ദേ ഭാരത് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. പാലക്കാട് എത്തിയ ട്രെയിനിന്റെ റേക്കിന് വലിയ സ്വീകരണമാണ് ബിജെപി പ്രവർത്തകർ ഒരുക്കിയത്.
ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ ബിജെപി പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചു. കേരളത്തിനുള്ള വിഷു കൈനീട്ടമാണ് ട്രെയിൻ എന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു.
രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരിൽ എത്തുന്ന രീതിയിലാണ് വന്ദേഭാരത് സർവ്വീസ് നടത്തുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും. ഇത് കൂടാതെ ഷൊർണൂർ, തിരൂർ, ചെങ്ങന്നൂർ എന്നിവയിൽ ഏതെങ്കിലും സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിച്ചേക്കും.
മണിക്കൂറില്‍ 180 കിലോ മീറ്റര്‍ വരെ ആണ് വന്ദേഭാരതിന്റെ വേഗത. എന്നാൽ നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരത്തിനും കായംകുളത്തിനുമിടയില്‍ 100 കിമി വേഗതിയിലായിരിക്കും ട്രെയിൻ ഓടുക. കായംകുളം മുതല്‍ എറണാകുളം വരെ 90 കിലോ മീറ്റര്‍ വേഗതയും എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടില്‍ 80 കിലോ മീറ്റര്‍ വേഗതയും ആയിരിക്കും ഉണ്ടാകു. ഷൊര്‍ണൂര്‍ കഴിഞ്ഞാൽ 100 മുതല്‍ 110 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിൻ സഞ്ചരിക്കും.
إرسال تعليق