Join News @ Iritty Whats App Group

ജലീല്‍ ഭീകരവാദിയെന്ന ബിജെപി നേതാവിന്റെ പരാമര്‍ശം; 'യോജിക്കില്ല, നിയമനടപടിക്ക് പിന്തുണ'യെന്ന് വി.ടി ബല്‍റാം


പാലക്കാട്: ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കെടി ജലീല്‍ തയ്യാറാകണമെന്ന് വി.ടി ബല്‍റാം. അതിന് തയ്യാറായാല്‍ പൂര്‍ണ്ണ പിന്തുണ അറിയിക്കും. ജലീല്‍ ഭീകരവാദിയാണെന്ന അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ലെന്നും ബല്‍റാം പറഞ്ഞു. സംഘ് പരിവാറിന്റെ ഹേറ്റ് സ്പീച്ചിനെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍ അതിനിരകളാകുന്ന പൗരര്‍ക്ക് പിന്തുണയും സഹായവും നല്‍കണം. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ജലീല്‍ മുന്‍കൈ എടുത്ത് മാതൃക കാണിക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു. 

വി.ടി ബല്‍റാം പറഞ്ഞത്: ''എന്റെ അയല്‍നാട്ടുകാരനും പത്ത് വര്‍ഷം നിയമസഭയിലെ സഹപ്രവര്‍ത്തകനുമായിരുന്ന ഡോ. കെ.ടി.ജലീല്‍ ഒരു 'ഭീകരവാദി'യാണെന്ന അഭിപ്രായത്തോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ല. അദ്ദേഹത്തേക്കുറിച്ച് ബിജെപി നേതാവ് ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ നടത്തിയ അങ്ങേയറ്റം ഗുരുതരമായ അക്ഷേപത്തിനെതിരെ ശ്രീ. ജലീലോ അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപക്ഷമോ കേരളാ പോലീസോ ഏതെങ്കിലും നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായി മുന്നോട്ടുപോകുകയാണെങ്കില്‍ അക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു. സംഘ് പരിവാറിന്റെ ഹേറ്റ് സ്പീച്ചിനെ നിയമപരമായി നേരിടാന്‍ കേരള സര്‍ക്കാര്‍ അതിനിരകളാകുന്ന പൗരര്‍ക്ക് പിന്തുണയും സഹായവും നല്‍കണം. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇക്കാര്യത്തില്‍ ശ്രീ ജലീല്‍ തന്നെ മുന്‍കൈ എടുത്ത് മാതൃക കാട്ടണം.''

അതേസമയം, തന്നെ ഭീകരവാദി എന്ന് അലറി വിളിച്ച് പേടിപ്പിക്കേണ്ടെന്നും സംഘ്പരിവാര്‍ ഭീകരത നിര്‍ത്തുംവരെ നാവടക്കുന്ന പ്രശ്‌നമില്ലെന്നും കെടി ജലീല്‍ പറഞ്ഞു. ഇന്ത്യയില്‍ ഭരണകൂട ഒത്താശയോടെ നടക്കുന്ന തോന്നിവാസങ്ങള്‍ വിളിച്ചു പറയുന്നവരെ ബി.ജെ.പി നേതാക്കള്‍ 'ഭീകരവാദി' മുദ്ര കുത്തുമെന്ന് ഭയന്ന് ലീഗുള്‍പ്പടെയുള്ള സംഘടനകളും പ്രത്യേക ജാഗ്രതയിലാണ്. മടിയില്‍ അവിഹിത സമ്പാദ്യത്തിന്റെ കനമുള്ളവരെല്ലാം മൗനത്തില്‍ അഭയം തേടിയ കാഴ്ച ദയനീയം തന്നെ. കത്വ, ഉന്നാവോ പെണ്‍കുട്ടികള്‍ക്കായി നടത്തിയ പിരിവിലെ തട്ടിപ്പുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത് കൊണ്ടാകാം നാഴികക്ക് നാല്‍പത് വട്ടം പത്രസമ്മേളനം വിളിക്കുന്ന യുവ സിങ്കങ്ങളും കാണാമറയത്താണ്. ഇ.ഡിയെ ഭയമില്ലാത്തവര്‍ക്കും 'ഭീകരവാദി പട്ടത്തെ' പേടിയില്ലാത്തവര്‍ക്കും മാത്രമേ നാട്ടില്‍ നടക്കുന്ന താന്തോന്നിത്തങ്ങളെ വിമര്‍ശിക്കാനും ജന മദ്ധ്യത്തില്‍ തുറന്നു കാട്ടാനും സാധിക്കൂ. ആ കൂട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരും അവരുടെ പ്രസിദ്ധീകരണങ്ങളും മുന്നിലുണ്ടെന്നും ജലീല്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group