തിരുവനന്തപുരം : എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്തറും മുന്നോട്ടുവെക്കുന്നതെന്നും പ്രതിസന്ധികൾ മറികടന്ന് സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായി പരിശ്രമിക്കുന്ന മനുഷ്യർക്ക് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉൾക്കരുത്ത് ഈദുൽ ഫിത്തർ പകരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം മുൻപോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണം. അപ്പോൾ മാത്രമേ അതിന്റെ മഹത്വം കൂടുതൽ തിളക്കത്തോടെ പ്രകാശിക്കുകയുള്ളൂ. ആ വെളിച്ചം ഈ ലോകത്തെ പ്രകാശപൂർണ്ണമാക്കട്ടെ. നന്മയും ഒരുമയും പുലരുന്ന ലോകം നമുക്കൊരുമിച്ചു പടുത്തുയർത്താമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു.
ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് റമസാൻ 30 പൂർത്തിയാക്കി ശനിയാഴ്ച്ചയാകും ഈദുൽ ഫിത്വർ. ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഒമാൻ ഒഴികെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ. മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ശനിയാഴ്ചയായിരിക്കും ഈദുൽഫിത്തർ. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയശേഷമെത്തുന്ന ആദ്യ ചെറിയ പെരുന്നാളാണ്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിൽ പ്രവാസിമലയാളികളടക്കമുള്ളവർ സജീവമാകും. മക്കയിലും മദീനയിലും പെരുന്നാളിനു വിശ്വാസികളെ സ്വീകരിക്കാൻ വലിയ സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
إرسال تعليق