ബെംഗളൂരു: കൊലക്കേസില്‍ പത്തു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് കാമുകിയെ കല്യാണം കഴിക്കാൻ വേണ്ടി പരോള്‍ അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. അസാധാരണ സാഹചര്യം എന്നു വിലയിരുത്തിയാണ്, യുവാവിന് കോടതി പരോള്‍ അനുവദിച്ചത്. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ആനന്ദിനാണ് ജസ്റ്റിസ് എം നാഗപ്രസന്ന പതിനഞ്ചു ദിവസത്തെ സ്വാതന്ത്ര്യം നല്‍കിയത്. പത്ത് വർഷത്തെ തടവ് ശിക്ഷയാണ് ഇയാൾക്ക് വിധിച്ചിട്ടുള്ളത്. കേസില്‍ ആനന്ദിന് നേരത്തെ ജീവപര്യന്തം തടവാണ് വിധിച്ചിരുന്നത്. ഇതു പിന്നീടു പത്തു വര്‍ഷമായി കുറയ്ക്കുകയായിരുന്നു. ആനന്ദിന്റെ മാതാവും കാമുകിയുമാണ് പരോള്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
തങ്ങൾ ഒൻപത് വർഷമായി പ്രണയത്തിലാണെന്നും ആനന്ദിന് പരോൾ ലഭിച്ചില്ലെങ്കിൽ വീട്ടുകാർ മാറ്റാർക്കെങ്കിലും തന്നെ വിവാഹം ചെയ്തുകൊടുക്കുമെന്നും ആനന്ദിന്റെ കാമുകി കോടതിയിൽ പറഞ്ഞു. എന്നാൽ വിവാഹത്തിനായി പരോൾ നൽകാൻ ചട്ടമില്ലെന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജയിൽ മാനുവൽ അനുസരിച്ച് അസാധാരണ സാഹചര്യത്തിൽ പരോൾ അനുവദിക്കാമെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു. തുടർന്ന് അസാധാരണ സാഹചര്യമാണെന്ന കോടതിയുടെ വിധിയിലാണ് പ്രതിക്ക് പരോൾ അനുവദിച്ചിരിക്കുന്നത്.
إرسال تعليق