ഇരിട്ടി: കർണ്ണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാക്കൂട്ടത്ത് കുടക് ജില്ലാ ഭരണ കൂടം പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നും മാക്കൂട്ടം വഴി കർണ്ണാടകയിലേക്ക് കള്ളപ്പണവും മദ്യവും മറ്റും എത്താനുള്ള സാഹചര്യം കണക്കിലെടുത്താണ് പരിശോധന. പൊതുമരാമത്ത് വകുപ്പ് എൻജിനീയറുടെ നേതൃത്വത്തിൽ പോലീസ്, എക്‌സൈസ്, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് മൂന്ന് ഷിഫ്റ്റുകളായി 24 മണിക്കൂറും പരിശോധനയ്ക്കുള്ളത്. നേരത്തെ മാക്കൂട്ടത്തെ വനം വകുപ്പ് ചെക്ക് പോസ്റ്റിനോട് ചേർന്ന് എക്‌സൈസിന്റെ ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ പരിശോധന തുടരുന്നതിനിടയിൽ കുടക് അസിസ്റ്റന്റ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം കൂടുതൽ വകുപ്പിനെകൂടി ഉൾപ്പെടുത്തി പരിശോധന വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മാക്കൂട്ടത്തെ പോലീസ് ചെക്ക് പോസ്റ്റിനടുത്തേക്ക് എക്‌സൈസ് ചെക്ക് പോസ്റ്റ് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇവിടെ സംയുക്ത പരിശോധന നടക്കും.
കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കുന്നുണ്ട് . 50000 രൂപയിൽ കൂടുതലുള്ള പണം കൈവശം വെച്ചാൽ ആവശ്യമായ രേഖകൾ ഹാജരാക്കണം. ഇല്ലെങ്കിൽ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കും. സാധനസാമഗ്രികൾ വാങ്ങിയിട്ടുണ്ടെങ്കിലും ബില്ല് കരുതുകയും വേണം. മദ്യം, മയക്കുമരുന്ന് എന്നിവ തടയുന്നതിന് പഴുതടച്ചുള്ള പരിശോധനയാണ് നടക്കുന്നത്
إرسال تعليق