തിരുവനന്തപുരം: പൊതുജനത്തോട് ന്യായാധിപര്‍ സംവദിക്കേണ്ടത് പത്രക്കുറിപ്പിലൂടെയല്ല, വിധിന്യായത്തിലൂടെയാകണമെന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്നു ലോകയുക്‌തയില്‍ ഹര്‍ജി നല്‍കിയ ആര്‍.എസ്. ശശികുമാര്‍. തങ്ങളുടെ കുറ്റബോധം മറച്ചുപിടിക്കാനാണ് ലോകായുക്‌ത പത്രക്കുറിപ്പുമായി രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
" തരംതാഴുന്നതിന് തങ്ങള്‍ക്ക് പരിധിയില്ല എന്ന് വെളിവാക്കുന്നതാണ് പത്രക്കുറിപ്പ്. പിണറായി വിജയന്‍ നടത്തിയ സ്വകാര്യ ഇഫ്‌താര്‍ വിരുന്നിലല്ല, കേരളത്തിന്റെ മുഖ്യമന്ത്രി ആതിഥ്യം നല്‍കിയ ഔദ്യോഗിക ഇഫ്‌താര്‍ വിരുന്നിലാണു പങ്കെടുത്തത് എന്നാണ് ലോകായുക്‌തയുടെ വിശദീകരണം. ഇതു തന്നെയാണ് തന്റെയും പരാതി. സംസ്‌ഥാന മുഖ്യമന്ത്രി പ്രതിയായ കേസ് പരിഗണനയിലിരിക്കെ ആ കേസ് പരിഗണിക്കുന്ന ന്യായാധിപന്മാര്‍ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചത് ഔചിത്യമായില്ല. ഇത് മനസിലാക്കാന്‍ ന്യായാധിപ ബുദ്ധിയൊന്നും വേണ്ട.
തന്നെ പേപ്പട്ടി എന്ന് വിളിച്ച വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം സാമാന്യ മര്യാദയ്‌ക്ക് ചേരുന്നതല്ല. കഴിഞ്ഞ 11 ന് കേസ് പരിഗണിച്ചപ്പോഴാണ് ലോകായുക്‌തയുടെ ഭാഗത്തുനിന്ന് വിവാദപരാമര്‍ശം ഉണ്ടായത്. ഈ വിഷയത്തില്‍ എന്തെങ്കിലും വിശദീകരണം നല്‍കാനോ വ്യക്‌തത വരുത്താനോ ഉണ്ടായിരുന്നെങ്കില്‍ 12ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ അതാകാമായിരുന്നു. അതിനു തയാറാകാതെ ഇപ്പോള്‍ ഇത്തരത്തില്‍ ഒരു പരസ്യ പ്രതികരണവുമായി വന്ന നടപടി കൂടുതല്‍ ദുരൂഹമാണ്.
ലോകായുക്‌തയുടെ മുന്നില്‍ പരാതിയുമായി വരുന്ന ഒരു ആവലാതിക്കാരന് നീതി നല്‍കുന്നതിനു പകരം അയാളെ പേപ്പട്ടി എന്ന് വിളിച്ചാല്‍ അതിനെതിരേ പൊതു സമൂഹത്തിന്റെ പ്രതികരണം സ്വാഭാവികമാണ്.
സുപ്രീം കോടതിയുടെ 1997 ലെ എത്തിക്‌സ് കമ്മിറ്റിയുടെ പെരുമാറ്റച്ചട്ടം റിട്ടയര്‍ ചെയ്‌ത ന്യായാധിപരായ തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറയുന്ന ലോകായുക്‌ത തങ്ങള്‍ ന്യായാധിപര്‍ ആയതിനാലാണ് മുഖ്യമന്ത്രി ക്ഷണിച്ച ഇഫ്‌താര്‍ വിരുന്നില്‍ പങ്കെടുത്തതെന്ന് പറയുന്നതിലെ വൈരുധ്യം ആര്‍ക്കും ബോധ്യപ്പെടും. ഒരു ജുഡീഷ്യല്‍ ബോഡി, തങ്ങള്‍ പ്രസ്‌താവിച്ച ഉത്തരവിനെ സംബന്ധിച്ച് വിശദീകരണവുമായി പത്രക്കുറിപ്പിലൂടെ രംഗത്ത് വരുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.
വിരുദ്ധ അഭിപ്രായമുണ്ടായിരുന്നെങ്കില്‍ ആ വിവരം പറയാന്‍ ഒരു വര്‍ഷത്തിലധികം എന്തിനെടുത്തു എന്നെങ്കിലും പത്രക്കുറിപ്പില്‍ വിശദീകരിക്കണമായിരുന്നു. മന്ത്രിസഭ തീരുമാനങ്ങള്‍ ലോകായുക്‌തയുടെ പരിധിയില്‍ വരുമോ എന്നത് സംബന്ധിച്ച് 2019 ജനുവരി 14ലെ വിധി നിലനില്‍ക്കെ, ലോകായുക്‌തയുടെ കുഴലൂത്ത് ആര്‍ക്കുവേണ്ടിയാണ് എന്ന് വ്യക്‌തമാവുകയാണ്."- ശശികുമാര്‍ പറഞ്ഞു.
Ads by Google
إرسال تعليق