മലപ്പുറം: കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീർത്ഥാടകൻ ശിഹാബ് ചോറ്റൂർ ഒടുവിൽ സൗദി മണ്ണിലെത്തി. വിവിധ രാജ്യങ്ങളിലൂടെ കടന്ന് ഒടുവിൽ കുവൈത്തും പിന്നിട്ടാണ് സൗദി അറേബ്യക്കുള്ളിലേക്ക് പ്രവേശിച്ചത്. ഇറാഖിൽ നിന്ന് കുവൈത്തിലെത്തിയ ശിഹാബ് ഞായറാഴ്ച പുലർച്ചെ അഞ്ചിന് ശേഷമാണ് ആഗ്രഹ സഫലീകരണത്തിന്റെ പ്രധാന ചുവടു വെപ്പായി സൗദിയുടെ മണ്ണിൽ കാലു കുത്തിയത്. കേരളത്തിൽ നിന്ന് നടന്ന് പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് രാജ്യങ്ങളിലൂടെ കാൽ നടയായി ലക്ഷ്യ സ്ഥാനമായ വിശുദ്ധ ഭൂമിയിലേക്ക് നീങ്ങുന്ന ശിഹാബിന്റെ മുമ്പിലുള്ള അടുത്ത ലക്ഷ്യം മദീനയാണ്. സൗദിയിലെ ഹഫർ ബാത്വിൻ വഴിയാണ് മദീനയിലേക്കുള്ള നടത്തം.
ആദ്യ ഘട്ടത്തിൽ നേരത്തെ, ഇറാഖിൽ നിന്ന് ബസ്വറ കുവൈത്ത് വഴി സൗദിയിൽ പ്രവേശിക്കാനായിരുന്നു പദ്ധതിയെങ്കിലും കുവൈത്ത് ഒഴിവാക്കി നേരെ സൗദി ബോർഡറിലേക്ക് പോകാനാകുമെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം പുതിയ എളുപ്പവഴി തിരഞ്ഞെടുത്ത് ആ വഴി യാത്ര തുടങ്ങിയിരുന്നു. എന്നാൽ, ഈ അതിർത്തി വഴി ഇറാഖിൽ നിന്ന് വിദേശികൾക്ക് നേരിട്ട് സൗദിയിലേക്ക് കടക്കാൻ സാധിക്കില്ലെന്ന മിലിട്ടറി നിർദേശത്തെ തുടർന്ന് ഈ ഉദ്യമം ഉപേക്ഷിച്ച് കുവൈത്ത് വഴി തന്നെ യാത്ര തുടരുകയായിരുന്നു. കഴിഞ്ഞ ജൂൺ ആദ്യവാരത്തിലാണ് ശിഹാബ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽ നിന്ന് ശിഹാബ് കാൽനട ഹജ്ജ് യാത്ര ആരംഭിച്ചത്.
അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയ ശിഹാബിന്റെ ആദ്യ ലക്ഷ്യം, 74 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ നടന്ന് പഞ്ചാബിലെത്തി വാഗാ അതിർത്തിയിലൂടെ പാകിസ്ഥാനിൽ എത്തുകയായിരുന്നു. എന്നാൽ, നാല് മാസത്തോളം ഇന്ത്യയിലെ പഞ്ചാബിൽ തങ്ങിയ ശിഹാബ് ട്രാൻസിറ്റ് വിസ ലഭിച്ചതോടെയാണ് ഫെബ്രുവരി ആറിന് പാകിസ്ഥാനിലേക്ക് കടന്നത്. പാകിസ്ഥാൻ വിസയുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികളെ തുടർന്ന് ഏകദേശം നാല് മാസത്തോളം അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് ശിഹാബ് താമസിച്ചിരുന്നത്.
ഫെബ്രുവരി അഞ്ചിനാണ് പാകിസ്താൻ വിസ നൽകിയത്. 2023 ലെ ഹജ്ജ് ലക്ഷ്യമാക്കിയാണ് ശിഹാബ് യാത്ര തിരിച്ചത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ശിഹാബിന് യൂ ട്യൂബ് ചാനലുമുണ്ട്. ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ സൈതലവി സൈനബ ദമ്പതികളുടെ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ശിഹാബ്.
إرسال تعليق