Join News @ Iritty Whats App Group

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: കാറിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു, വയനാട് കേന്ദ്രീകരിച്ച് അന്വേഷണം


കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വയനാട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്. ഷാഫിയെ നേരത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരപ്പൻപൊയിൽ സ്വദേശി അബ്ദുൾ നിസാർ, ഉണ്ണികുളം സ്വദേശി അജ്നാസ് എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഷാഫുയുടെ ബന്ധുക്കളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി.

മൊബൈൽഫോൺ ലൊക്കേഷനുകളും കാറിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നാണ് പ്രവാസി മുഹമ്മദ് ഷാഫിയെ കടത്തിയത് വയനാട്ടിലേക്കെന്ന് പൊലീസിന് സൂചന ലഭിച്ചത്. ഇതോടെയാണ് അന്വേഷണം വയനാട്ടിലെ ക്വട്ടേഷൻ സംഘങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നത്. വയനാട്ടിലേക്കെത്തിച്ച ശേഷം പിന്നീട് കരിപ്പൂരിലേക്ക് കൊണ്ടുപോയെന്ന് വിവരം ലഭിച്ചെങ്കിലും വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. 

രജിസ്ട്രേഷൻ ഏതെന്ന് വ്യക്തമല്ലെങ്കിലും 7001 നന്പറിലുള്ള വെള്ള സ്വിഫ്റ്റ് കാറിലാണ് ഷാഫിയെ കടത്തിയതെന്ന് ഭാര്യ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനപരിശോധനയും പൊലീസ് ശക്തമാക്കി. ഇതിനിടെ അന്വേഷണത്തിലെ പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇന്ന് വീണ്ടും ഷാഫിയുടെ ഭാര്യ സനിയയുടെ മൊഴിയെടുത്തു.

ദുബായിൽ നടന്ന സാമ്പത്തിക ഇടപാട് കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം. ഇതിലുൾപ്പെട്ട മൂന്ന് പേരെ ചോദ്യം ചെയ്തിരുന്നു. പൂനൂർ സ്വദേശിയായ യുവാവിന്റയും ഷാഫിയുടെയും മൊബൈൽ ഫോണുകൾ ഒരേ ടവർ ലൊക്കേഷനിൽ സ്വിച്ച് ഓഫ് ആയതായും പൊലീസ് കണ്ടെത്തിയിരുന്നു. ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടയിൽ സ്വർണക്കടത്ത് സംബന്ധിച്ചായിരുന്നു പൊലീസിന് ലഭിച്ച ആദ്യ സൂചന. 

ഷാഫിയുടെ സ്വർണക്കടത്തിന് പുറമെയുള്ള ഹവാല ഇടപാടുകളെക്കുറിച്ചും അന്വേഷണത്തിൽ വിവരം ലഭിച്ചു. ഇതിൽ കൂടുതൽ വ്യക്തതക്കായി ഫൊറൻസിക് ഉദ്യോഗസ്ഥർക്കൊപ്പമെത്തി പൊലീസ് ഇന്ന് വീണ്ടും ഷാഫിയുടെ വീട്ടിൽ പരിശോധന നടത്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പരപ്പൻപൊയിൽ സ്വദേശി ഷാഫിയെ തോക്കടക്കമുള്ള ആയുധങ്ങളുമായെത്തിയ നാലംഗസംഘം വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയത്.

Post a Comment

أحدث أقدم
Join Our Whats App Group