Join News @ Iritty Whats App Group

താമരശ്ശേരി ചുരത്തിൽ ഏപ്രിൽ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം



കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ അഞ്ച് മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും വൈകുന്നേരം മൂന്നു മണി മുതൽ രാത്രി ഒൻപത് മണി വരെ ഭാരം കൂടിയ ട്രക്കുകൾ, ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷനൽ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെ പ്രവേശനം അനുവദിക്കില്ല. ഉത്സവാഘോഷങ്ങൾ, സ്‌കൂൾ അവധിക്കാലം തുടങ്ങി പൊതു അവധികൾ മുന്നിൽ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്കരമാകുന്നത് തടയാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.      

ചുരത്തിലുണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ എന്നിവ അടിയന്തിരമായി പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി എമർജൻസി സെന്റർ സംവിധാനം പോലീസ് സ്റ്റേഷനിൽ സ്ഥാപിക്കാനും തീരുമാനമായി. ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. യാത്രക്കാർക്ക് ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കുന്നതിനായി അടിവാരത്തുള്ള ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ടോയ്‌ലറ്റ് അനുവദിക്കാനും യോഗത്തിൽ തീരുമാനിച്ചു. ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ അമ്പത് മീറ്റർ ചുറ്റളവിലുള്ള എല്ലാ മാലിന്യവും സ്വയം നീക്കം ചെയ്യണം. അല്ലാത്തപക്ഷം പൊലീസിനും പഞ്ചായത്തിനും ഫൈൻ ഈടാക്കാവുന്നതാണ്. 

ചുരത്തിൽ പുറമ്പോക്ക് കയ്യേറ്റം നടത്തി കടകളും സ്ഥാപനങ്ങളും സ്ഥാപിച്ചത് ഒഴിവാക്കാനായി സർവ്വേ നടത്തി നടപടി സ്വീകരിക്കും. ചുരത്തിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടാകുന്ന പക്ഷം അടിവാരത്തിൽ നിന്നും ലക്കിടിയിൽ നിന്നും വാഹനങ്ങൾ കടത്തിവിടുന്നത് നിയന്ത്രിക്കാൻ പൊലീസ് നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. 

കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് ഡി എഫ് ഒ അബ്ദുൾ ലത്തീഫ്, താമരശ്ശേരി തഹസിൽദാർ സി സുബൈർ, താമരശ്ശേരി ഡി വൈ എസ്‌ പി അഷ്‌റഫ് ടി കെ, കൊടുവള്ളി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻപെക്ടർ റിജിത്ത് എൻ ജയപാലൻ, പി ഡബ്ള്യു ഡി ഇ ഇ വിനയരാജ് കെ, പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് ഇ, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു വി ഐ എസ്‌, ചുരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പി കെ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group