Join News @ Iritty Whats App Group

മലപ്പുറം വഴിക്കടവിൽ 5 വർഷം ചികിത്സിച്ച 'പ്രീഡിഗ്രി' ഡോക്ടർ പിടിയിൽ


അറസ്റ്റിലായ രതീഷ്, ആശുപത്രി ഉടമസ്ഥന്‍ ഷാഫി ഐലാശ്ശേരി, മാനേജർ ഷമീർ
Share this:
മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ വെറും പ്രീ ഡിഗ്രിയും മെഡിക്കൽ ഷോപ്പിൽ മരുന്ന് എടുത്ത് കൊടുത്ത പരിചയവും മാത്രമുള്ള നോർത്ത് പറവൂർ സ്വദേശി ഡോക്ടർ ചമഞ്ഞ് ആളുകളെ ചികിത്സിച്ചത് 5 വർഷത്തോളം കാലം. നോർത്ത് പറവൂർ മാവുംചോട് സ്വദേശി തെന്മലശ്ശേരി രതീഷ് ( 41 ) ആണ് വഴിക്കടവ് പോലീസിൻ്റെ പിടിയിലായത്. സംശയത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് രതീഷ് വ്യാജ ഡോക്ടർ ആണെന്ന് തെളിഞ്ഞതും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതും.

വഴിക്കടവിന് അടുത്തുള്ള അൽ മാസ് ആശുപത്രിയിൽ ആയിരുന്നു ഇയാൾ ചികിത്സിച്ചിരുന്നത്. ആശുപത്രി ഉടമസ്ഥനായ ഷാഫി ഐലാശ്ശേരി, മാനേജർ പാണ്ടിക്കാട് സ്വദേശി ഷമീർ എന്നിവരെയും പോലീസ് പിടികൂടി. ഇവർ അറിഞ്ഞു കൊണ്ട് തന്നെ രതീഷിനെ എറണാകുളത്ത് നിന്നും കൊണ്ട് വന്ന് ഇത്തരത്തിൽ തട്ടിപ്പ് നടത്തുക ആയിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.
വെറും പ്രീഡിഗ്രി കാരനായ രതീഷ് 12 വർഷത്തോളം വിവിധ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് എടുത്തു കൊടുക്കാൻ നിന്നിട്ടുണ്ട്. ഈ പരിചയത്തിന്റെ പുറത്താണ് ഇയാൾ ഇവിടെ ഡോക്ടർ ചമഞ്ഞ് ആളുകളെ ചികിത്സിച്ചത്.

ഇക്കാലയളവിൽ ആരോഗ്യ വകുപ്പിൻ്റെ ഒരു പരിശോധനയും ഈ ആശുപത്രിയിൽ നടന്നിട്ടില്ല. ഭാഗ്യവശാൽ രോഗികൾക്ക് അപായം ഒന്നും സംഭവിക്കാത്തത് കൊണ്ട് പരാതിയും വന്നിരുന്നില്ല. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് ഡോക്ടറുടെ കള്ളത്തരം വെളിച്ചത്ത് വന്നത്. വഴിക്കടവ് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന പ്രതികളെ ചോദ്യം ചെയ്യുകയാണ്.

ആൾമാറാട്ടം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾക്ക് ഉള്ള വകുപ്പുകൾ ആണ് ഇവർക്ക് എതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. ഈ അടുത്തിടെ രതീഷിന്റെ കീഴിൽ ഹോസ്പിറ്റലിൽ ഒരു വനിതാ ഡോക്ടറെയും നിയമിച്ചിരുന്നു. ആരോഗ്യ വകുപ്പിൻ്റെ ഒരു പരിശോധനയും കൂടാതെ ഇത്രയും കാലം ഈ സംഘത്തിന് എങ്ങനെ തട്ടിപ്പ് നടത്താനായി എന്ന ചോദ്യമാണ് ഉയരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group