തിരുവനന്തപുരം: സംസ്ഥാനത്തെ ചുട്ടുപ്പൊള്ളുന്ന അന്തരീക്ഷത്തിന് താല്‍ക്കാലിക ആശ്വാസം വരുന്നു. വരുന്ന മൂന്ന് മണിക്കൂറില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇന്ന് ഏഴ് മണിക്ക് ശേഷം പുറപ്പെടുവിച്ച അറിയിപ്പാണിത്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, ജില്ലകളിലാണ് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ട്.
അതേസമയം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ തന്നെ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കോഴിക്കോട് അടക്കം ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. മേയ് നാല് വരെ കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.ഇടിമിന്നലോട് കൂടി മഴയ്ക്കും, 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അടുത്ത 24 മണിക്കൂര്‍ 115.5 മില്ലിമീറ്റര്‍ വെര മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വേനല്‍ മഴയോടൊപ്പം ഉണ്ടാവുന്ന ശക്തമായ മഴയും കാറ്റും ഇടിമിന്നലും അപകടങ്ങളുണ്ടാക്കും. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ അറബികടലിനും ലക്ഷദ്വീപിനോടും ചേര്‍ന്ന് രൂപപ്പെട്ടതാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴയ്ക്ക് കാരണമായത്.
إرسال تعليق