Join News @ Iritty Whats App Group

എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ഏപ്രില്‍29ന് സമാപിക്കും ; വിദ്യാര്‍ത്ഥി റാലിയില്‍ ഒന്നര ലക്ഷം പേര്‍ അണിനിരക്കും

കണ്ണൂര്‍ : 'നമ്മള്‍ ഇന്ത്യന്‍ ജനത' എന്ന പ്രമേയത്തില്‍ ആറു ദിവസമായി കണ്ണൂരില്‍ നടന്നു വരുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ഥി സമ്മേളനം ഏപ്രില്‍ 29ന് സമാപിക്കും.

വൈകുന്നേരം മൂന്ന് മണിക്ക് 14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന റാലിയും തുടര്‍ന്ന് പൊതു സമ്മേളനവും നടക്കും.

കണ്ണൂര്‍ പ്രഭാത് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ചു ജവഹര്‍ സ്റ്റേഡിയത്തിലാണ് റാലി സമാപിക്കുക. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. 27 മുതല്‍ ആരംഭിച്ച രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന സംഘടന ക്യാമ്ബിനും നാളെ സമാപനമാകും .

പുസ്തകലോകം എന്നപേരില്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ആരംഭിച്ച പുസ്തകോത്സവത്തില്‍ ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും സന്ദര്‍ശനം നടത്തുന്നത്, എജുസൈന്‍ എന്ന ശീര്‍ഷകത്തിലുള്ള കരിയര്‍ എക്സ്പോ എസ് എസ് എഫ് വിദ്യാര്‍ഥി സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമായിമാറി.

എസ് എസ് എഫിന്റെ കരിയര്‍ വിഭാഗമായ വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെഫി)യുടെ നേതൃത്വത്തിലാണ് എജുസൈന്‍ കരിയര്‍ എക്സ്പോ സംഘടിപ്പിച്ചത്. വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാ പഠനം, മീഡിയ, നിയമപഠനം, മെഡിക്കല്‍, എഞ്ചിനീയറിങ്, ഓണ്‍ലൈന്‍ കോഴ്സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, വിദേശ യൂണിവേഴ്സിറ്റികള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, ഷോര്‍ട്ട് ടേം കോഴ്സുകള്‍, അപ്സ്‌കില്ലിംഗ് തുടങ്ങിയ എണ്‍പതോളം മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന നൂറോളം സ്റ്റാളുകള്‍ എജുസൈനില്‍ സംവിധാനിച്ചിട്ടുണ്ട്.

250 ല്‍ അധികം കരിയര്‍ മെന്റര്‍മാരുടെ സേവനം, 25ലധികം കേന്ദ്ര സര്‍വകലാശാല പ്രതിനിധികള്‍, 15ലധികം അന്താരാഷ്ട്ര യൂണിവേഴ്സിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ കരിയര്‍ എക്‌സപോയുടെ ഭാഗമായി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രൊഫഷണലുകളുമുള്‍പ്പെടെ നിരവധിയാളുകളാണ് ഓരോ സ്റ്റാളുകളിലും നിരന്തരമായ സന്ദര്‍ശനം നടത്തുന്നത്.

സമ്മേളനത്തിന്റെ ഭാഗമായ വിദ്യാര്‍ത്ഥി സമ്മേളനം, സാംസ്‌കാരിക പരിപാടികള്‍, അഭിമുഖം, സംവാദം, ചരിത്രപ്രദര്‍ശനം, ഓപണ്‍ ഫോറം, പ്രഭാഷണങ്ങള്‍ സംഘടന ക്യാമ്ബ് അടക്കമുള്ള വിവിധ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു. വിവിധ മേഖലകളിലെ പ്രമുഖരായ എഴുത്തുകാര്‍ ഇതിനകം തന്നെ സമ്മേളനത്തിന്റെ ഭാഗമായി.

മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ വ്യത്യസ്ത ബഹുരാഷ്ട്ര കമ്ബനികളുടെ പ്രതിനിധികളുമായി സംവദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടായി. 


ദീപു എസ് നാഥ്, രാഹുല്‍ റെഡ്ഡി മൈക്രോസോഫ്റ്റ്, ഐ ഐ എം കാലിക്കറ്റ് പ്രൊഫസര്‍ രൂപേഷ് കുമാര്‍, മുഹമ്മദ് നദീം, ജമാല്‍ മാളിക്കുന്ന്, നാസര്‍ കുന്നുമ്മല്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന വിദേശ പഠന സമ്മിറ്റും, നൂറിലധികം നടന്നു.


ഏപ്രില്‍ 26 മുതല്‍ 28 വരെ നാല് വേദികളിലായി നടന്നുകൊണ്ടിരിക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ രാജ്യത്തിന്റെ വര്‍ത്തമാനം, പൗരന്റെ ഭാവി, ദേശീയ വിദ്യാഭ്യാസ നയം, ഭരണകൂട മുഖപത്രങ്ങളും ജനാധിപത്യവും, അംബേദ്കറിന്റെ രാഷ്ട്ര സങ്കലപ്പങ്ങള്‍, ഫാഷിസത്തിന്റെ സാമൂഹിക ഭാവനകള്‍, മതേതര കേരളം: ആകുലതകള്‍, ആശ്വാസങ്ങള്‍, ചരിത്രത്തിന്റെ നിറംമാറ്റങ്ങള്‍; വ്യാജ നിര്‍മിതകളുടെ ബദലുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആര്‍ രാജഗോപാല്‍, വിനില്‍ പോള്‍, പി ജെ വിന്‍സന്റ്, ഡോ.കെ എം അനില്‍, കെ കെ ബാബുരാജ്, സണ്ണിം എം കപിക്കാട്, സുകുമാരന്‍ ചാലിഗ്ദ്ധ, രാജീവ് ശങ്കരന്‍, എം ലിജു, ഡോ.മുസ്തഫ സി യു, പി കെ സുരേഷ് കുമാര്‍, സനീഷ് ഇളയിടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചതായി സംഘാടകര്‍ അറിയിച്ചു.


വാര്‍ത്താസമ്മേളനത്തില്‍ ഫിര്‍ദൗസ് സുറൈജി സഖാഫി (എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്)

കെ അബ്ദുല്‍ റഷീദ് (ജന.കണ്‍വീനര്‍, സ്വാഗത സംഘം)

നിസാര്‍ അതിരകം (എസ് വൈ എസ് ജില്ല സെക്രട്ടറി) ഷബീറലി സി കെ (എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group