*സന്നിധാനം*: മേടമാസ - വിഷു പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര തിരുനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി കെ. ജയരാമൻ നമ്പൂതിരിക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം മേൽശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകൾ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആഴിയിൽ അഗ്നി പകരുകയായിരുന്നു.തുടർന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് നട തുറന്ന ദിവസം ശബരീശദർശനത്തിനായെത്തിയത്. മാളികപ്പുറം മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് വിളക്ക് തെളിച്ചു.
പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും നടക്കും. 5.30 മുതൽ നെയ്യഭിഷേകം ആരംഭിക്കും. ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കും. ഏപ്രിൽ 15ന് ആണ് വിഷുക്കണി ദർശനം. അന്ന് പുലർച്ചെ 4 മണിക്ക് തിരുനട തുറക്കും. തുടർന്ന് വിഷുക്കണി ദർശനവും കൈനീട്ടം നൽകലും. ഏപ്രിൽ 19 ന് രാത്രി തിരുനട അടയ്ക്കും.
إرسال تعليق