Join News @ Iritty Whats App Group

ഐസ്ക്രീം കഴിച്ച് 12 വയസ്സുകാരൻ മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം, ബന്ധു കസ്റ്റഡിയില്‍


കോഴിക്കോട്: കൊയിലാണ്ടിയിലെ 12വയസുകാരന്റെ മരണം കൊലപാതകമെന്നു സംശയം. കുട്ടിയുടെ ബന്ധു കസ്റ്റഡിയിൽ. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദിയെ തുടർന്ന് ചികിത്സയിലിരിക്കുമ്പോളായിരുന്നു മരണം. വിഷം കലർത്തിയ ഐസ് ക്രീം കഴിച്ചതിനെതുടർന്നാണ് കുട്ടി മരിച്ചതെന്നു പോലീസ്. കുട്ടിയുടെ പിതൃ സഹോദരി താഹിറയാണ് കസ്റ്റഡിയിലായത്. 

ഐസ്ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയ തൊട്ടടുത്ത പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഛർദ്ദി അതീവ ​ഗുരുതരാവസ്ഥയിലേക്ക് പോയതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു. കുട്ടി കഴിച്ച ഐസ്ക്രീമിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരുന്നു ആദ്യം മുതലുള്ള അന്വേഷണം. ഭക്ഷ്യവിഷബാധയെന്ന സംശയവും ഉണ്ടായിരുന്നു. തുടർന്ന് ഐസ്ക്രീം വിറ്റ കട ഉടനെ അടപ്പിച്ചു. 

പോസ്റ്റ്മോര്‌ട്ടം റിപ്പോർട്ടിലാണ് നിർണ്ണായക കണ്ടെത്തലുകൾ ഉണ്ടായത്. ഐസ്ക്രീമിൽ വിഷം കലർന്നതായി കണ്ടെത്തി. തുടർന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരി താഹിറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐസ്ക്രീമിൽ മനപൂർവ്വം വിഷം കലർത്തി എന്ന വിവരമാണ് ലഭിക്കുന്നത്. എന്നാൽ അത് കുട്ടിയെ ലക്ഷ്യമിട്ടല്ല, കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ടാണ് എന്ന മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന ഫലം ഇനി വരാനുണ്ട്. താഹിറ പൊലീസ് കസ്റ്റഡിയിലാണ്.

Post a Comment

أحدث أقدم
Join Our Whats App Group