കോഴിക്കോട്: മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ മോഷ്ടാക്കളെ സാഹസികമായി പിടികൂടി വീട്ടമ്മ. കോഴിക്കോട് നരിക്കുനി സ്വദേശിയായ സുധയാണ് മോഷ്ടാക്കളെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടിയിലായതാകട്ടെ അന്തർ സംസ്ഥാന മോഷണ സംഘവും.
വീട്ടുജോലിയെടുത്ത് സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. അതങ്ങനെ എളുപ്പത്തിൽ മോഷ്ടാക്കൾ കൊണ്ടുപോകേണ്ടെന്ന് സുധ തീരുമാനിച്ചു. നഗരത്തിൽ ബസ്സ് ഇറങ്ങിയതിനു പിന്നാലെയാണ് കഴുത്തിൽക്കിടന്ന മാല രണ്ട് സ്ത്രീകൾ ചേർന്ന് പൊട്ടിച്ച് ഓടിയത്. ഇവർക്ക് പിന്നാലെ പോയ സുധ രണ്ടിനെയും കൈയ്യോടെ പിടികൂടി. നാട്ടുകാരെ വിളിച്ചുകൂട്ടി പൊലീസിൽ ഏൽപ്പിച്ചു.
സുധ പിടികൂടി കൈമാറിയ തമിഴ്നാട് സ്വദേശികളായ വസന്ത, ദേവി എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. ഇവർ നിന്ന് കിട്ടിയ സൂചന പ്രകാരം അയ്യപ്പൻ, സന്ധ്യ എന്നിവരെ കൂടി പിടികൂടി. വടക്കൻ കേരളത്തിൽ ഏറെക്കാലമായി മോഷണ പരമ്പരകൾ നടത്തുന്ന സംഘമാണ് ഇവർ നാല് പേരുമെന്ന് പൊലീസ് കണ്ടെത്തി. അതും ഒരേ കുടുംബത്തിൽപ്പെട്ടവർ. അയ്യപ്പന്‍റെ ഭാര്യമാരാണ് ദേവിയും വസന്തയും മകളാണ് സന്ധ്യ.
നഗരങ്ങൾ കേന്ദ്രീകരിച്ച് വീട് വാടകയ്ക്ക് എടുത്ത് കുടുംബമായി താമസിക്കും. സംശയം തോന്നാത്ത് രീതിയിൽ നല്ല വസ്ത്രം ധരിച്ച് ബസ്സുകളിലും കടകളിലും കയറി ഇറങ്ങി മോഷണം നടത്തും. പൊലീസ് ഏറെക്കാലമായി അന്വേഷിച്ചിട്ടും സംഘത്തെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ സമൂഹമാധ്യമങ്ങളും മറ്റും നിരീക്ഷിച്ച് കൂടുതൽ പേരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
إرسال تعليق