Join News @ Iritty Whats App Group

‘ പച്ചമഷിയിലാകാത്തത് ഭാഗ്യം; ഞാൻ രാജിവെക്കേണ്ടിവന്നേനെ'; 'ചുവപ്പ് ചോദ്യപേപ്പറിൽ' മുൻ മന്ത്രി അബ്ദുറബ്ബ്

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷയ്ക്ക് ചോദ്യങ്ങൾ ചുവപ്പു നിറത്തിൽ അച്ചടിച്ചതിനെ പരിഹസിച്ച് മുൻ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് രംഗത്ത്. ചോദ്യപേപ്പർ പച്ച മഷിയാവാത്തത് ഭാഗ്യമായെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അല്ലെങ്കിൽ താൻ രാജി വയ്ക്കേണ്ടി വന്നേനെയെന്നും അബ്ദുറബ്ബ് പരിഹസിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പറുമായി ബന്ധപ്പെട്ടാണ് പി.കെ.അബ്ദുറബ്ബിന്റെ പ്രതികരണം.

എന്നാല്‍ പ്ലസ് വൺ പ്ലസ്ടു പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം. അതേസമയം, ചോദ്യപേപ്പർ ചുവപ്പു മഷിയിൽ അച്ചടിച്ചതിൽ എന്താണ് കുഴപ്പെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ചോദിച്ചിരുന്നു.

പി.കെ.അബ്ദുറബ്ബിന്റെ കുറിപ്പിന്റെ പൂർണരൂപം:

പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയിൽ. ഏതായാലും പച്ച മഷിയാവാത്തത് ഭാഗ്യം. ഇല്ലെങ്കിൽ ഞാൻ രാജി വയ്ക്കേണ്ടി വന്നേനെ. അന്നൊക്കെ ചോദ്യപേപ്പറിൽ ചോദ്യങ്ങൾ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും, അഞ്ചാറ് കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർക്കുകയും, മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം ‘പാരമ്പര്യ കല’കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group