ദില്ലി: യൂബര്‍ കാബിൽ വേഗം വീട്ടിലെത്താനുള്ള ശ്രമത്തിലായിരുന്നു സുപ്രീം കോടതി അഭിഭാഷകനായ അനസ് തൻവീർ. രാവിലെ മുതലുള്ള റമദാൻ വ്രതം അവസാനിപ്പിച്ച് നോമ്പുതുറക്കാനുള്ള ഓട്ടത്തിലായിരുന്നു അദ്ദേഹം. കൃത്യം നോമ്പുതുറ സമയമായപ്പോൾ, എസിആര്‍ ദില്ലി മേഖലയിലെ ട്രാഫിക്കിൽ കുടുങ്ങി. ഒടുവിൽ കാബ് ഡ്രവറോട് വെള്ളം കൊണ്ടുവന്നിട്ടുണ്ടോയെന്ന് അനസ് ചോദിച്ചു. നോമ്പുതുറക്കാനാണെന്ന് മനസിലാക്കിയ കാബ് ഡ്രൈവര്‍ വെള്ളം മാത്രമല്ല, പാത്രത്തിൽ കൊണ്ടുവന്ന പഴങ്ങൾ കൂടി അനസിന് പങ്കുവച്ചു. ചൈത്ര നവരാത്രി നോമ്പിന്റെ ഭാഗമായിട്ടായിരുന്നു ഡ്രൈവര്‍ യതിൻ കുമാര്‍ പഴങ്ങൾ കൊണ്ടുവന്നത്.
ഹൃദയസ്പര്‍ശിയായ അനുഭവം അനസ് തൻവീര്‍ തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്. നോമ്പുതുറ സമയത്ത് ട്രാഫിക്കിൽ കുടുങ്ങി. നവരാത്രി വ്രതമനുഷ്ഠിച്ച യൂബർ ഡ്രൈവര്‍ യതിൻ കുമാറിനോട് ഞാൻ വെള്ളമുണ്ടോ എന്ന് ചോദിച്ചു. ഞാൻ നോമ്പുകാരനാണെന്ന് മനസിലാക്കി, അവൻ എനിക്ക് വെള്ളം മാത്രമല്ല, അവന്റെ നോമ്പിനായി പാത്രത്തിൽ സൂക്ഷിച്ച പഴങ്ങളും പങ്കിട്ടു'- അനസ് ട്വീറ്റ് ചെയ്തു.
'ഞങ്ങൾ എല്ലായ്പ്പോഴും ഇങ്ങനെയാണ്' എന്നാണ് സോഷ്യൽ മീഡിയ അദ്ദേഹത്തിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു സാധാരണ ഇന്ത്യക്കാരനാണ് കാബ് ഡ്രൈവറെന്നും കമന്റുകളെത്തി. സോഷ്യൽ മീഡിയയുടെ വരവ് ഇത്തരം സാധാരണ സംഭവങ്ങളെ മുമ്പില്ലാത്ത സംഭവമായി തോന്നിപ്പിക്കുന്നുണ്ടോ എന്നായിരുന്നു ചിലരുടെ സംശയം. എന്നാൽ നെഗറ്റീവ് വാര്‍ത്തകൾ മാത്രം എത്തിക്കുന്ന സോഷ്യൽ മീഡിയക്ക് നന്ദിയെന്ന് പറയുന്നവരുമുണ്ട് കൂട്ടത്തിൽ. ഇന്ത്യ പഴയ ഇന്ത്യ തന്നെയാണെന്നും സ്നേഹവും സൗഹാര്‍ദ്ദവും കൈമോശം വന്നിട്ടില്ലെന്നും ട്വീറ്റിന് താഴെ പ്രതികരണങ്ങളായി എത്തുന്നു.
ഇതേ ട്വീറ്റ് ത്രഡിൽ മറ്റൊരു അനുഭവം കൂടി അനസ് കുറിച്ചിട്ടുണ്ട്. ഒരു മീറ്റിങ്ങിൽ പങ്കെടുത്ത സമയം ഹോട്ടലിൽ ഒരുക്കിയ ഭക്ഷണങ്ങൾക്ക് പുറമെ നോമ്പുതുറക്ക് മാത്രമായി തനിക്ക് പ്രത്യേകമായി നോമ്പുതുറ വിഭവങ്ങൾ നൽകിയതായിരുന്നു അത്. അന്നത്തെ ബൊഫേ മെനു ഓര്‍ഡറിൽ ഇല്ലാത്തവയായിരുന്നു അതെന്നും അദ്ദേഹം കുറിച്ചു.
إرسال تعليق