ന്യുഡല്‍ഹി: വധശ്രമ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്‌സഭ സെക്രട്ടേറിയറ്റ് റദ്ദാക്കി. കുറ്റവും ശിക്ഷയും ഹൈക്കോടതി സ്‌റ്റേ ചെയ്തതിനു പിന്നാലെ അയോഗ്യതയും നീക്കണമെന്ന് എന്‍സിപി നേതാവ് കൂടിയായ മുഹമ്മദ് ഫൈസല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും ലോക്‌സഭ സെക്രട്ടേറിയറ്റ് തീരുമാനം എടുത്തിരുന്നില്ല. ഇത് ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി കോടതി പരിഗണിക്കുന്നതിനു തൊട്ടുമുന്‍പ് അയോഗ്യത വിജ്ഞാപനം പിന്‍വലിക്കുകയായിരുന്നു.
ഹര്‍ജി കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് വിശദീകരണം നല്‍കേണ്ടി വരുമെന്ന് കണ്ടതോടെയാണ് തിടുക്കപ്പെട്ട് അയോഗ്യത പിന്‍വലിച്ചത്. ജസ്റ്റീസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കേണ്ടത്. അയോഗ്യത നീക്കാത്തതിനാല്‍ തനിക്ക് പാര്‍ലമെന്റില്‍ സുപ്രധാനമായ രണ്ട് സെഷന്‍സ് നഷ്ടമായി എന്ന് മുഹമ്മദ് ഫൈസല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതോടെ മുഹമ്മദ് ഫൈസലിന് ലോക്‌സഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനും തടസ്സമില്ലാതായി. അയോഗ്യത പ്രഖ്യാപിച്ചതിനു പിന്നാലെ ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലക്ഷദ്വീപ് കോടതി വിധി കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തതിനു പിന്നാലെ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇത്രയും നാള്‍ കഴിഞ്ഞിട്ടും ലോക്‌സഭ സെക്രട്ടേറിയറ്റ് അനുകൂല നിലപാട് എടുത്തിരുന്നില്ല.
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധി നേരിടുന്ന അയോഗ്യതയും സമാനമായ വിധത്തില്‍ നിയമപരമായി നേരിടാനാവുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. രാഹുലിന്റെ അഭിഭാഷക വൃന്ദത്തിന് നേതൃത്വം നല്‍കുന്ന മനു അഭിഷേക് സിംഗ്വിയാണ് മുഹഅമ്മദ് ഫൈസലിനു വേണ്ടി നിയമ പോരാട്ടം നടത്തിയത്.
إرسال تعليق