ഇരിട്ടി: പായം പഞ്ചായത്തിലെ ഏഴാം വാർഡ് തെങ്ങോല നാട്ടേലിൽ സ്വകാര്യ വ്യക്തിയുടെ പന്നിഫാമിൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. നെല്ലിക്കുന്നിൽ സുനിലിന്റെ ഫാമിലാണ് 15 ദിവസത്തിനിടയിൽ 23 പന്നികൾ ആണ് ചത്തത്. പെട്ടെന്ന് അവശതയിൽ എത്തുകയും പന്നികൾ ചാവുകയും ആണ് ചെയ്യുന്നത്. പന്നിപ്പനി ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ സംഘം സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു.
62 പന്നികൾ ഉള്ള ഫാമിൽ സുനിലും ഭാര്യ റിറ്റിയും ചേർന്നാണ് ഇവയുടെ പരിചരണം നടത്തുന്നത്. മൂന്നാഴ്ച മുൻപ് മുണ്ടയാം പറമ്പിലെ ഒരു കടയിൽ നിന്ന് കോഴി വേസ്റ്റ് തീറ്റയായി ശേഖരിച്ചിരുന്നു. ഇതിനുള്ളിൽ പന്നിത്തല ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളും ഉണ്ടായതായി ഉടമ പറഞ്ഞു. ഈ തീറ്റ കൊടുത്തതിനുശേഷം രണ്ടു ദിവസത്തിനകം മൂന്നെണ്ണം ചത്തു. പിന്നെയും തുടർച്ചയായി ചത്തതോടെയാണ് വിവരമറിയിച്ചതിനെത്തുടർന്ന് വെറ്റിനറി ഡോക്ടർ എത്തിയത്. ഇദ്ദേഹം അറിയിച്ചത് പ്രകാരം ജില്ലാ സംഘം എത്തി പോസ്റ്റ്‌മോർട്ടം നടത്തി. പരിശോധന ഫലം ബാംഗ്ലൂരിലെ ലാബിൽ നിന്ന് എത്തിയാൽ മാത്രമേ രോഗകാരണം വ്യക്തമാവുകയുള്ളൂ.
അതുവരെ പന്നികളെ വിൽപ്പന നടത്തുകയോ മാംസം ഉപയോഗിക്കുകയും ചെയ്യരുത് എന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഫാം ഉടമ സുനിൽ പറഞ്ഞു. പന്നികൾ കൂട്ടത്തോടെ ചത്ത് ഒടുങ്ങുന്നതായുള്ള വിവരമറിഞ്ഞതോടെ സഹായത്തിനു പോലും ആളെ കിട്ടാതെ ദുരിതത്തിലാണ് ഈ കുടുംബം. ഓരോ ദിവസവും പന്നികൾ ചാവുകയാണ്. ഇവയെ സംസ്കരിക്കുകയും അവശേഷിച്ചുവയ്ക്ക തീറ്റ കൊണ്ടുവന്ന് നൽകുകയും വേണം. വ്യാഴാഴ്ചയും മൂന്നു പന്നികൾ ചത്തു. രണ്ടെണ്ണം വീണു കിടക്കുകയാണ്. മുഴുവൻ പന്നികൾക്കും ക്ഷീണം ഉണ്ടെന്നും ഇപ്പോൾതന്നെ പത്തുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായും ഉടമ പറഞ്ഞു.
إرسال تعليق